പത്തനംതിട്ട: കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിമുക്തഭടൻമാരെ ആക്രമിച്ച സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് എക്‌സ് സർവീസസ് ലീഗ് നേതൃത്വത്തിൽ ഇന്ന് ജില്ലയിലെ 65 യൂണിറ്റുകളിലും വൈകുന്നേരം ആറിനും 6.30നും ഇടയിൽ ദീപം കൊളുത്തി പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്ടെ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് എക്‌സ് സർവീസസ് ലീഗ് നടത്തുന്ന രണ്ടാംഘട്ട സമരപരിപാടിയുടെ ഭാഗമായാണ് ഇന്നത്തെ പ്രതിഷേധം. കോഴിക്കോട് മെഡിക്കൽ കോളജിൽ സാമൂഹ്യവിരുദ്ധർ നടത്തിയ ഗുണ്ടാ ആക്രമണത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയാറായിട്ടില്ല. കേസിലുൾപ്പെട്ട എല്ലാവരെയും അറസ്റ്റു ചെയ്യാൻ തയാറായിട്ടില്ലെന്നും എക്‌സ് സർവീസസ് ലീഗ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സ്‌ക്വാഡൻ ലീഡർ ടി.സി. മാത്യു, സെക്രട്ടറി പത്മകുമാർ അങ്ങാടിക്കൽ, ട്രഷറാർ എസ്.പത്മകുമാർ, ജോയിന്റ് സെക്രട്ടറി ക്യാ്ര്രപൻ ജി.കാർത്തികേയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.