kmc-bjp
കെ.എം ചെറിയാൻ ആശുപത്രിയിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജനപ്രതിനിധികൾ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ്ണ

ചെങ്ങന്നൂർ: മലിനജലമൊഴുക്കി കുടിവെള്ളം മുട്ടിച്ചും വിഷപുക അന്തരീക്ഷത്തിലേക്ക് ഉയർത്തി ശ്വാസം മുട്ടിച്ചും കെ.എം ചെറിയാൻ ആശുപത്രി അധികൃതർ ജനങ്ങളെ നിത്യ ദുരിതത്തിലാക്കിയെന്ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി സുഭാഷ് പറഞ്ഞു. കെ.എം ചെറിയാൻ ഹോസ്പിറ്റലിലെ മാലിന്യ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബി.ജെ.പി തിരുവൻവണ്ടൂർ പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു. മനു തെക്കേടത്ത്, ടി.ഗോപി , ശ്രീവിദ്യ സുരേഷ്, നിഷ ബിനു, അജി ആർ നായർ.എസ്.കെ രാജീവ് എന്നിവർ പ്രസംഗിച്ചു. ഭരണകക്ഷിയിലെ ചിലരുടെ സ്വധീനത്തെ തുടർന്ന് മതിയായ പരിശോധന നടത്താതെയാണ് ആശുപത്രിയുടെ പ്രവർത്തനത്തിന് അനുമതി നൽകിയതെന്നും ഇതിന് പഞ്ചായത്ത് ഭരണസമിതി കൂട്ടുനിന്നതായും ബി.ജെ.പി ആരോപിച്ചു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.