പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിലെ ജലവിതരണം ആറ് ദിവസത്തിനു ശേഷം ഇന്നലെ പുന:രാരംഭിച്ചു. വെള്ളക്കരം കുടിശികയിലെ 1.68കോടിയിൽ ഒന്നേകാൽ ലക്ഷം ഇന്നലെ കോഴഞ്ചേരി താലൂക്ക് ഒാഫീസ് ‌ട്രഷറി മുഖേന വാട്ടർ അതോറിറ്റിക്ക് അടച്ചു. ബാക്കിത്തുക മൂന്ന് മാസത്തിനുള്ളിൽ അടയ്ക്കാമെന്ന് കത്തിലൂടെ ഉറപ്പു നൽകിയതിനെ തുടർന്നാണ് ജലവിതരണം പുന:സ്ഥാപിച്ചത്. മിനി സിവിൽ സ്റ്റേഷനിൽ വെള്ളക്കരം കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് ജലവിതരണം നിറുത്തിവച്ചത് കേരളകൗമുദി വാർത്തയായപ്പോഴാണ് അധികൃതർ ഉണർന്നത്. വിവിധ വകുപ്പുകളിലെ തൊള്ളായിരത്തോളം ജീവനക്കാർ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. എൻ.ജി.ഒ സംഘ് കോഴഞ്ചേരി താലൂക്ക് തഹസിൽദാരെ ഉപരോധിക്കുകയും ചെയ്തിരുന്നു. തഹസിൽദാർ വാട്ടർ അതോറിറ്റിയോട് മൂന്ന് മാസത്തെ സമയം ചോദിച്ചെങ്കിലും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും അടയ്ക്കാതെ ജലവിതരണം പുന:സ്ഥാപിക്കാനാവില്ലെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഇതേ തുടർന്നാണ് ഇന്നലെ തുക അടച്ചത്.