പത്തനംതിട്ട: പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആയുധങ്ങളും ബാങ്ക് രേഖകളും പിടിച്ചെടുത്തു.പത്തനംതിട്ട കുലശേഖരപതി ബീമാത്തുള്ള പുരയിടത്തിൽ ഷെഫീഖ്,അൻസുദ്ദീൻ,കീഴേടത്ത്മുറി ഷെമീർഖാൻ,വെട്ടിപ്പുറം സോഫിയമൻസിലിൽ നിന്ന് കുലശേഖരപതിയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന മുഹമ്മദ് ആലിഫ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.ഇവരെ നാലുപേരേയും ഹർത്താൽദിനത്തിലെ ആക്രമവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു.ഷെഫീഖിന്റെ വീട്ടിൽ നിന്നാണ് വെട്ടുകത്തിയും ഇരുമ്പ്‌പൈപ്പുകളും കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.ബാങ്ക് രേഖകളും ,പോപ്പുലർ ഫ്രണ്ടിന്റെ വിവരങ്ങളടങ്ങിയ ഡയറി,പാസ് പോർട്ട് എന്നിവയും കണ്ടെടുത്തു.മറ്റുള്ളവരുടെ വീടുകളിൽ നിന്ന് പാസ് പോർട്ട് , നിരവധി ബാങ്കുകളുടെ പാസ്ബുക്കുകൾ ,ചെക്ക് ബുക്കുകൾ,മൊബൈൽഫോണുകൾ എന്നിവ പിടിച്ചെടുത്തു.പത്തനംതിട്ട ഡിവൈ.എസ്. പി നന്ദകുമാർ,പത്തനംതിട്ട എസ്. എച്ച്. ഒ ജിബുജോൺ എന്നിവരുടെ നേതൃത്വത്തിൽ കോടതിയുടെ അനുമതിയോടെയായിരുന്നു റെയ്ഡ്.