bjp-
ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാബുവിൻറെ വീടിനോട് ചേർന്ന് കാത്തിരുപ്പ് കേന്ദ്രത്തിൻറെ പേരിൽ കയ്യേറിയ സ്ഥലം കമ്പിവേലിയിട്ട് തിരിച്ചപ്പോൾ

റാന്നി: വീടിനോട് ചേർന്ന സ്ഥലത്തെ കാത്തിരുപ്പ് കേന്ദ്രം പുതുക്കിപ്പണിയുന്നതിന് സി.പി.എം നേതാക്കൾ അനധികൃതമായി പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന് പരാതിയുള്ള സ്ഥലം ബി.ജെ.പി വേലികെട്ടിത്തിരിച്ചു. സി.പി.എം നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് എഴുതിവച്ച ശേഷം അത്മഹത്യചെയ്ത പെരുനാട് മഠത്തുംമൂഴി മേലേതിൽ എം.എസ്.ബാബു (68) വിന്റെ സ്ഥലത്താണ് ബി.ജെ.പി വേലികെട്ടിയത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രധിഷേധ ധർണ നടത്തിയതിനു ശേഷമാണ് ബി.ജെ.പി പ്രവർത്തകരെത്തിയത്.

ബാബുവിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭാര്യ കുസുമകുമാരിയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് പരാതിയുണ്ട്. കുസുമകുമാരി നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനൻ, പഞ്ചായത്തംഗം ശ്യാം, ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർക്കെതിരെയാണ് ആത്മഹത്യാക്കുറുപ്പിൽ പരാമർശമുള്ളത്. ഉന്നത ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടാകുന്നുണ്ടെന്ന് ബാബുവിന്റെ ബന്ധുക്കൾ ഉൾപ്പടെ ആരോപിക്കുന്നു. വെയിറ്റിംഗ് ഷെഡ് പുതുക്കിപ്പണിയാനായി സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ബാബുവിന്റെ വീടിനോടു ചേർന്നുള്ള വസ്തു കൈക്കലാക്കാൻ നടത്തിയ നീക്കത്തിൽ മനംനൊന്താണ് മരിക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. നേതാക്കൾക്ക് 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടെന്നും എഴുതിയിരുന്നു.