 
ചെങ്ങന്നൂർ: നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം തികയും മുമ്പ് പുത്തൻകാവ് പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴുന്നു. രണ്ടാഴ്ച മുൻപാണ് റോഡ് താഴ്ന്നുതുടങ്ങിയത്. ഇതേത്തുടർന്ന് പാലവും അപ്രോച്ച് റോഡും തമ്മിലുളള ഉയരവ്യത്യാസം കാരണം വാഹനങ്ങൾ പാലത്തിലേക്ക് ഇടിച്ചുകയറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നു. വാഹനങ്ങൾ പാലത്തിലേക്ക് കയറിയിറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാകുന്നതായി സമീപവാസികൾ പറയുന്നു. പരിചയമില്ലാത്തവർ വാഹനവുമായി ഇതുവഴിയെത്തുമ്പോഴാണ് കൂടുതലും അപകടം ഉണ്ടാകുന്നത്. ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ ഡ്രൈവർമാർക്ക് രാത്രിയിൽ അപ്രോച്ച് റോഡിന്റെ അപകടാവസ്ഥ തിരിച്ചറിയാൻ കഴിയുന്നില്ല. 3.36 കോടി രൂപ ചെലവിൽ 15 മീറ്റർ നീളത്തിൽ ഒരു വശത്തു നടപ്പാത ഉൾപ്പെടെ 12.5 മീറ്റർ വീതിയിലാണ് പുതിയ പാലം നിർമ്മിച്ചത്.
ചെങ്ങന്നൂരിൽ നിന്ന് എത്തുന്ന ഭാഗത്തെ അപ്രോച്ച് റോഡിന്റെ ഒരു വശം റോഡ് അപകടകരമായ രീതിയിലാണ് ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്. മറുഭാഗത്താണ് റോഡിൽ ചെറിയ കുഴികൾ രൂപപ്പെട്ടു തുടങ്ങിയത്.
കഴിഞ്ഞ വർഷം തീർത്ഥാടന കാലത്തിനുശേഷമാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഈ വർഷം തീർത്ഥാടന കാലം ആരംഭിക്കാൻ ഇനി ഒന്നരമാസം അവശേഷിക്കേ വീണ്ടും അപ്രോച്ച് റോഡ് അപകടനിലയിലായത് തീർത്ഥാടകർക്കും കെ.എസ്.ആർ.ടി.സി പമ്പാ സർവ്വീസുകൾക്കും തിരിച്ചടിയാണ്. തിരക്കേറുന്ന സമയത്ത് പാലം അടച്ചിടേണ്ട സാഹചര്യമുണ്ടായാൽ കഴിഞ്ഞ വർഷത്തെപ്പോലെ ഗതാഗത പ്രശ്‌നം രൂക്ഷമാകും.സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നതായും കരാറുകാരന് കത്ത് നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെയും ചോർച്ച
അഞ്ച് മാസം മുൻപ് അവസാനഘട്ട പണികൾക്കിടെ പുത്തൻകാവ് പാലത്തിന്റെ സമീപ പാതയിലും ചോർച്ചയുണ്ടായി. റോഡിൽ പൊട്ടൽ രൂപപ്പെട്ടിരുന്നു. പാലത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ജോയിന്റിനു സമീപമാണ് ചേർച്ചയുണ്ടായിരിക്കുന്നത്. അവസാനഘട്ട ടാറിംഗ് സമയത്തു നടത്തിയ പരിശോധനയിലാണ് പ്രശ്‌നം കണ്ടെത്തിയത്. റോളർ കയറ്റി ടാറിംഗ് ഉറപ്പിക്കാൻ തുടങ്ങിയതോടെ ഇതിനിടയിലൂടെ അടിയിലുള്ള മണ്ണ് ചെളി രൂപത്തിൽ പുറത്തേക്ക് വന്നു. പൈപ്പിനുള്ളിൽ നിന്ന് വെള്ളം ചോർന്ന് ചെളിമണ്ണായി മാറിയതാണ് റോഡ് താഴുന്നതിനും പൊട്ടിക്കീറുന്നതിനും കാരണമായതെന്ന് അന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. നേരത്തെ പുതിയ പാലത്തിന്റെ പണികളുടെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ചിരുന്നു. പാലം നിർമ്മാണവും പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസം മൂലം ഏറെ നീണ്ടു പോയിരുന്നു.
സമീപ റോഡും തകർച്ചയിൽ
പുത്തൻകാവ് പാലം അടച്ചിടാൻ വാഹനഗതാഗതം തിരിച്ചുവിടുന്നത് അങ്ങാടിക്കൽ റോഡിലൂടെയാണ്. കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിനു വേണ്ടി റോഡിൽ കുഴിയെടുത്തെങ്കിലും ഇത് പൂർവസ്ഥിതിയിലാക്കിയിട്ടില്ല. 100 മീറ്ററോളം ഭാഗമാണ് ഇത്തരത്തിൽ തകർന്നുകിടക്കുന്നത്.