ചെങ്ങന്നൂർ: കല്ലിശേരി കെ.എം ചെറിയാൻ ആശുപത്രിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച് കളക്ടറേറ്റിൽ ഇന്ന് ചർച്ച നടക്കും. മാലിന്യ പ്രശ്‌നം രൂക്ഷമായതോടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ നൽകിയ പരാതിയെ തുടർന്നാണ് കാര്യങ്ങൾ വിശദമായി മനസിലാക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ ഭാരവാഹികളെ ഓഫീസിലേക്ക് വിളിപ്പിച്ചത്. ആശുപത്രിമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാതെ സമീപത്തെ കുഴിയിലേക്ക് ഒഴുക്കിവിടുന്നതുമൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്തെ 80 കുടുംബങ്ങൾ ഒപ്പിട്ട വിശദമായ പരാതിയും സമരസമിതി പ്രവർത്തകർ ഇന്ന് കളക്ടർക്ക് കൈമാറും. ആശുപത്രി മാലിന്യത്തിന്റെ ഊറ്റൽ സമീപത്തെ കിണറുകളിലേക്കും ശുദ്ധജല സ്രോതസുകളിലേക്കും എത്തിയതോടെ വെള്ളം ഒന്നിനും ഉപയോഗിക്കാൻ കഴിയാതായതും വെള്ളം കുടിച്ച വളർത്തു മൃഗങ്ങൾ ചാവുകയും ചെടികൾ കരിഞ്ഞുണങ്ങുകയും ചെയ്തതും കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനത്തിന് അനുമതി ലഭിക്കുന്നതിന് പലവിവരങ്ങളും തെറ്റായി നൽകിയത് പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. കളക്ടറുമായുളള ചർച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.