റാന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട് വലിയകലുങ്കിലെ കനാൽപാലത്തിൽ വീണ്ടും കണ്ടെയ്‌നെർ ലോറി ഇടിച്ചു കയറി കുടുങ്ങി.റോഡും പാലവും തമ്മിലുള്ള ഉയരം മനസിലാക്കാതെ ഡ്രൈവർ ലോറി ഓടിച്ചു കയറ്റിയതോടെ വാഹനത്തിന്റെ മുകൾഭാഗം ഭാഗികമായി തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.റാന്നിയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്കു പോയ കാർഗോ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇവിടെ ഉയരമുള്ള ലോറികൾ കടക്കാതിരിക്കാൻ ഇരുമ്പു പൈപ്പുകൾ വച്ചിട്ടുണ്ടെങ്കിലും പ്രയോജനം ചെയ്തില്ല.സംസ്ഥാനപാത ഉന്നത നിലവാരത്തിൽ നിർമ്മിച്ചതോടെ റോഡും പാലവും തമ്മിലുള്ള ഉയരം കുറഞ്ഞിരുന്നു.ഇതോടെ ചരക്കുമായെത്തുന്ന വലിയ ലോറികൾക്ക് ഇതുവഴി കടന്നു പോകാൻ കഴിയുമായിരുന്നില്ല.ഇതോടെ ഇവിടെ മേൽപ്പാലം പണിയണമെന്നാവശ്യം നാട്ടുകാർ ഉയർത്തിയിരുന്നു..ഈ വിവരം ചൂണ്ടിക്കാട്ടി പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് നാട്ടുകാർ നിവേദനം നൽകിയെങ്കിലും സ്ഥലം സന്ദർശിച്ച മന്ത്രി ആവശ്യത്തിന് ഫണ്ടില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ഒരു വശത്ത് മാത്രമാണ് അപകട മുന്നറിയിപ്പ് നൽകുന്ന ഇരുമ്പ് പൈപ്പ് വച്ചിരിക്കുന്നത് . ഇത് കനാൽ പാലത്തിനോട് വളരെ അടുത്തു പോയതുമൂലം അപകടങ്ങൾ ഉണ്ടായിക്കഴിഞ്ഞേ വാഹനം നിൽക്കു. ഇരു വശത്തും അൽപ്പം മുമ്പേ ഇരുമ്പു പൈപ്പുകൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.