കൊല്ലം: കൊട്ടാരക്കരയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബൈപ്പാസ് നിർമ്മിക്കണമെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു. കൊട്ടാരക്കര ജംഗ്ഷനിൽ എത്തേണ്ടതില്ലാത്ത വാഹനങ്ങൾക്ക് നേരത്തെ തന്നെ തിരിഞ്ഞുപോകാൻ കഴിയുന്ന തരത്തിൽ അമ്പലത്തുകാലയ്ക്ക് അടുത്ത് നിന്ന് ആരംഭിച്ച് കിഴക്കേത്തെരുവിന് സമീപം അവസാനിക്കുന്ന തരത്തിൽ ബൈപ്പാസ് വേണമെന്നാണ് ആവശ്യം.

കുരുക്ക് ഒഴിവാകും

കൊട്ടാരക്കരയിലൂടെ കടന്നുപോകുന്ന കൊല്ലം - തിരുമംഗലം ദേശീയപാത വീതി കൂട്ടി വികസിപ്പിക്കാൻ സംസ്ഥാന സർക്കാരിന് ആലോചനയുണ്ട്. പുതിയ ബൈപ്പാസ് നാലുവരിയായി നിർമ്മിച്ചാൽ കൊല്ലം - തിരുമംഗലം പാത വികസിപ്പിക്കുമ്പോൾ കൊട്ടാരക്കര ജംഗ്ഷനിലെ സ്ഥലം ഏറ്റെടുപ്പ് വലിയ അളവിൽ കുറയ്ക്കാം. അതിനായി ചെലവിടുന്ന കോടികൾ ബൈപ്പാസ് നിർമ്മാണത്തിനായി പ്രയോജനപ്പെടുത്താം. നിലവിൽ കൊട്ടാരക്കര ജംഗ്ഷൻ വഴി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന പകുതിയിലേറെ വാഹനങ്ങൾ ബൈപ്പാസിലൂടെ കടന്നുപോകും. ഇതോടെ ജംഗ്ഷനിലെ കുരുക്കും ഒഴിവാകും.

കൊട്ടാരക്കരയിലെ ഗതാഗത സ്തംഭനത്തിന് ബൈപ്പാസാണ് ഏറ്റവും ഉചിതമായ പരിഹാരം. അത് പ്രായോഗികമല്ലെങ്കിൽ പുലമൺ അടക്കമുള്ള സ്ഥലങ്ങളിൽ ഓവർബ്രിഡ്ജ് നിർമ്മിക്കണം''

ആർ. രശ്മി(ജില്ലാ പഞ്ചായത്ത് അംഗം)

കൊട്ടാരക്കര ജംഗ്ഷനെ കുരുക്കിൽ നിന്ന് പൂർണമായും മോചിപ്പിക്കാൻ ബൈപ്പാസ് തന്നെയാണ് മാർഗം. അതിനൊപ്പം ചെറിയ റോഡുകൾ വീതികൂട്ടി ടാർ ചെയ്യണം. എം.സി റോഡിൽ പുലമൺ ജംഗ്ഷനിൽ ഓവർബ്രിഡ്ജിനുള്ള നടപടികൾ നടക്കുന്നുണ്ട്.

എ.എസ്. ഷാജി(സി.പി.ഐ ജില്ലാ സെക്രട്ടറി)

കൊട്ടാരക്കരയിലെ ഗതാഗത കുരുക്കിന് ബൈപ്പാസോ റിംഗ് റോഡോ അനിവാര്യമാണ്. എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണം.

കെ.ആർ. രാധാകൃഷ്ണൻ (ബി.ജെ.പി ജില്ലാ സെക്രട്ടറി)

പുലമൺ ജംഗ്ഷനിൽ ഓവർബ്രിഡ്ജ് വരണം. അല്ലെങ്കിൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കണം. ഏതായാലും അതിവേഗം വേണം

അഡ്വ. പി. അരുൾ(എസ്.എൻ.ഡി.പി യോഗം

കൊട്ടാരക്കര യൂണിയൻ സെക്രട്ടറി)