anganavadi-01

കുന്നിക്കോട് : വരിക്കോലിൽ അങ്കണവാടിക്ക് പുതിയ കെട്ടിടമുണ്ടെങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുന്നില്ല. പഴയ വാടകകെട്ടിടവും വാടക കൊടുക്കാഞ്ഞതിനാൽ അടഞ്ഞു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ 161 -ാം നമ്പർ അങ്കണവാടിയാണ് വിവാദത്തിൽ പുകയുന്നത്. കഴിഞ്ഞ ദിവസം ജീവനക്കാർ ഉദ്ഘാടനം കഴിഞ്ഞ പുതിയ അങ്കണവാടി കെട്ടിടം തുറക്കാൻ എത്തിയപ്പോൾ കോളനി നിവാസികൾ പ്രതിഷേധിച്ച് അവരെ മടക്കി അയച്ചു. പുതിയ മന്ദിരത്തിന്റെ എല്ലാ ജോലികളും പൂർത്തിയാക്കിയതിന് ശേഷം മാത്രം തുറന്നാൽ മതി എന്നാണ് കോളനി നിവാസികൾ പറയുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും അങ്കണവാടിയുടെ പണികൾ പൂർത്തിയാക്കിയിട്ടില്ല. ശിശു സൗഹൃദ ശൗചാലയവും കിണറ്റിൽ പമ്പ് ഘടിപ്പിച്ച് വെള്ളത്തിന്റെ പൈപ്പ് ലൈൻ കണക്ട് ചെയ്യുന്ന ജോലികളും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് വൈദ്യുതി ലഭിച്ചത്


പൂട്ട് വീണ്

വാടകകെട്ടിടവും

സർക്കാരിന്റെ കോളനി നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷത്തിലധികം രൂപ മുടക്കിയാണ് അങ്കണവാടിയുടെ പുതിയ മന്ദിരം നിർമ്മിച്ചത്. നിർമ്മാണം നടത്തി രണ്ട് വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താതെ കാട് കയറി കെട്ടിടം നശിക്കുകയായിരുന്നു. കോളനി നിവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് കഴിഞ്ഞ ജൂലായ് 27ന് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്.
.ഉദ്ഘാടനം നടക്കുന്നതിന് മുമ്പ് വരെ അങ്കണവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. സ്വന്തമായി കെട്ടിടം ഉള്ളപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും വാടക കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമല്ലെന്നും അങ്കണവാടി ജീവനക്കാർ പറയുന്നു. കൂടാതെ വാടക കുടിശ്ശികയുള്ളത് നൽകാതെ പഴയ അങ്കണവാടി തുറക്കരുതെന്ന് കെട്ടിടയുടമയും ആവശ്യപ്പെട്ടു. കടമുറി അധിക താഴിട്ട് പൂട്ടി ഉടമ കുന്നിക്കോട് പൊലീസിൽ പരാതിയും നൽകിയിരിക്കുകയാണ്.

ചർച്ച ഫലം കണ്ടില്ല

വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദീനും വാർഡംഗം ധന്യ പ്രതീപും ഇരുകൂട്ടരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ തങ്ങളുടെ ജോലി തടസപ്പെടുത്തുകയാണെന്നും അങ്കണവാടി പ്രവർത്തിപ്പിക്കാൻ പൊലീസിന്റെ സഹായം വേണമെന്നും ചൂണ്ടിക്കാട്ടി സി.ഡി.പി.ഒ. ഷംല കുന്നിക്കോട് എസ്.എച്ച്.ഒ അൻവറിന് പരാതി നൽകി. ആഗസ്റ്റ് ഒന്ന് മുതൽ അങ്കണവാടി തുറന്നിട്ടില്ല.