photo
താമരക്കുടി സർവീസ് സഹകരബാങ്കിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.എൻ.വാസവനും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച

കൊട്ടാരക്കര: കോടികളുടെ ക്രമക്കേടിനെത്തുടർന്ന് തകർച്ചയിലായ താമരക്കുടി സർവീസ് സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കുന്നതിന് സർക്കാർ നീക്കം. മന്ത്രി കെ.എൻ.ബാലഗോപാലും സഹകരണ മന്ത്രി വി.എൻ.വാസവനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനും ബാങ്കിന്റെ പ്രവർത്തനം സാധാരണനിലയിലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമാണ് തീരുമാനം. മന്ത്രി ബാലഗോപാലിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ സഹകരണ വകുപ്പ് രജിസ്ട്രാർ അലക്‌സ് വർഗീസ്, ഡെപ്പ്യൂട്ടി രജിസ്ട്രാർ (അഡ്മിനിസ്‌ട്രേഷൻ) അയ്യപ്പൻ നായർ, കൊല്ലം ജോയിന്റ് രജിസ്ട്രാർ(ജനറൽ) അബ്ദുൾ ഹലീം,അസിസ്റ്റന്റ് രജിസട്രാർ(പ്ലാനിംഗ്) അജി,അഡിഷണൽ രജിസ്ട്രാർ ജ്യോതിപ്രസാദ്, കൊട്ടാരക്കര അസി. രജിസ്ട്രാർ(ജനറൽ) വിനോദ് കുമാർ, താമരക്കുടി ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ അനീഷ് എന്നിവർ പങ്കെടുത്തു. തുടർ നടപടികൾക്കായി സഹകരണ വകുപ്പ് രജിസ്ട്രാറെ ചുമതലപ്പെടുത്തി.12 വർഷം മുൻപാണ് സി.പി.എം ഭരണസമിതിയിലായിരുന്ന താമരക്കുടി സഹകരണ ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവന്നത്. നിക്ഷേപകർക്ക് ഇനിയും 12 കോടി രൂപയിലധികം നൽകാനുണ്ട്. നിരവധി സമരങ്ങളും കേസുകളും ഉണ്ടായെങ്കിലും ഇത്രകാലവും തുക തിരിച്ച് കിട്ടാതെ വലയുകയാണ് മിക്കവരും. മറ്റ് സഹകരണ ബാങ്കുകൾ താമരക്കുടി ബാങ്കിനായി പണം നൽകണമെന്ന സർക്കാർ നിർദ്ദേശമൊന്നും ഫലവത്തായതുമില്ല. തുടർന്നാണ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ സംവിധാനമൊരുക്കുന്നത്.