 
കരുനാഗപ്പള്ളി: ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു.എസ്.എൻ.ഡി.പി യോഗം പടനായർകുളങ്ങര വടക്ക് ശാഖയുടെ സമീപത്താണ് കുടിവെള്ളം പാഴാകുന്നത്. പമ്പിംഗ് തുടങ്ങുമ്പോൾ പൈപ്പിന്റെ പൊട്ടിയ ഭാഗത്തുകൂടി വെള്ളം പുറത്തേക്ക് ഒഴുകി തുടങ്ങും. തുടർന്ന് ഇവിടം പൂർണമായും വെള്ളക്കെട്ടായി മാറും. അതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
പരാതികൾക്ക് നടപടിയില്ല
കഴിഞ്ഞ രണ്ടുമാസമായി ഇതാണ് സ്ഥിതി. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്നാണ് പൈപ്പ് ലൈൻ പൊട്ടിയതെന്നാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്. വകുപ്പുകൾ തമ്മിലുള്ള പടലപ്പിണക്കം കാരണം ബുദ്ധിമുട്ടിലായത് നാട്ടുകാരാണ്.