phot

പുനലൂർ: ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. പുനലൂർ ദീൻ ഹോസ്പിറ്റൽ ജീവനക്കാരനായ പ്ലാച്ചേരി കല്ലുവിളവീട്ടിൽ ലാലൻ (52), ഭാര്യ വാളക്കോട് ചൈതന്യ പ്രൈമറി സ്കൂൾ പ്രിൻസിപ്പലും പുനലൂർ നഗരസഭ പ്ലാച്ചേരി വാർഡ് മുൻ കൗൺസിലറുമായ സുനി ലാലൻ (50) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 8.45ന് കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പുനലൂരിന് സമീപം കലയനാടിന് സമീപമായിരുന്നുഅപകടം. ഭാര്യയെ സ്കൂളിലാക്കാൻ ബൈക്കിൽ പോകുന്നതിനിടെ ടോറസ് പിന്നിൽ വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങിയതായി

സമീപവാസികൾ പറഞ്ഞു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പൊതുദർശനങ്ങൾക്ക് വച്ച ശേഷം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടു വളപ്പിൽ സംസ്ക്കരിക്കും. ഏക മകൻ അശ്വൻലാൽ മംഗലാപുരം കോളേജിലെ പാരാ മെഡിക്കൽ അവസാന വർഷ വിദ്യാർത്ഥിയാണ്.

അശ്രദ്ധയോടെ ലോറിയോടിച്ച ഡ്രൈവർ തമിഴ്നാട് തൂത്തുക്കുടി പുതൂർ പാണ്ഡ്യപുരം സ്വദേശി മാരിമുത്തുവിനെയും (43) ലോറിയെയും പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.