 
എഴുകോൺ- കരീപ്ര പഞ്ചായത്ത് അധികൃതർ ഇടപെടണം
എഴുകോൺ: കാർഷിക ഗ്രാമങ്ങളായ എഴുകോണിനെയും കരീപ്രയെയും ബന്ധിപ്പിക്കുന്ന വാളായിക്കോട് തെറ്റിക്കുന്നിൽ ഏലാ പാത തകർന്നിട്ട് കാലങ്ങളേറെയായി. ഇതുവരെ പാത ഗതാഗതയോഗ്യമാക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയാണ് ഏലാ പാത ഇപ്പോഴും തകർന്ന് കിടക്കുന്നതിന്റെ പ്രധാന കാരണം. പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ ആവശ്യമാണ് ഈ പാത ഗതാഗതയോഗ്യമാക്കണമെന്നത്.
കാൽനട യാത്രയും ദുരിതം
എഴുകോൺ ഗ്രാമപ്പഞ്ചായത്തിന്റെ ഏലാ ഭാഗത്ത് കാൽനൂറ്റാണ്ടിന് മുൻപ് തന്നെ ട്രാക്ടർ പാസേജായി പാത ഒരുക്കിയിരുന്നു. എന്നാൽ കാലക്രമത്തിൽ ഈ ഭാഗം മുഴുവൻ തകർന്ന നിലയാണിപ്പോൾ. കാൽനട യാത്രയ്ക്ക് പോലും ബുദ്ധിമുട്ടാകുന്ന വിധമാണ് സ്ലാബുകൾ തകർന്ന് കിടക്കുന്നത്. കാട് വളർന്ന് തിങ്ങിയതിനാൽ ഇഴ ജന്തുക്കളുടെ ഭീഷണിയുമുണ്ട്.
കർഷകർക്കും കശുഅണ്ടി തൊഴിലാളികൾക്കും ആശ്രയം
എഴുകോൺ ഗ്രാമപ്പഞ്ചായത്തിലെ വാളായിക്കോട് ക്ഷേത്രത്തിന് മുന്നിൽ തുടങ്ങി കരീപ്ര പഞ്ചായത്തിലെ ഇടയ്ക്കിടം തെറ്റിക്കുന്നിൽ ക്ഷേത്രത്തിലേക്ക് എത്തുന്നതാണ് ഈ പാത. ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് ഈ ഏലായിൽ ഉള്ളത്. വളവും വിത്തും വിളയുമടക്കമുള്ള കാർഷിക സാമഗ്രികളുടെ നീക്കം സുഗമമാക്കുന്നതിനാണ് ഈ പാതയുടെ ആശയം രൂപപ്പെട്ടത്. കരീപ്ര പഞ്ചായത്തിന്റെ ഭാഗത്ത് പാതയൊരുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ഇനിയും ആയിട്ടില്ല. എഴുകോണിൽ നിന്ന് ഇടയ്ക്കിടം, കടയ്ക്കോട് ഭാഗങ്ങളിലേക്ക് ഇതു വഴി വേഗത്തിലെത്താം. കർഷകർക്കും കശുഅണ്ടി തൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെടും.
എഴുകോൺ പഞ്ചായത്തിന്റെ ഭാഗത്ത് തകർന്ന് കിടക്കുന്ന പാത അടിയന്തരമായി നന്നാക്കണം. കരീപ്ര പഞ്ചായത്ത് പ്രദേശത്ത് കൂടി പണി പൂർത്തീകരിച്ചാലേ പൂർണ പ്രയോജനം ലഭിക്കൂ.
ഇന്ദുശേഖരൻ ,
(പ്രദേശവാസിയായ കർഷക തൊഴിലാളി. )