 
ഇന്ന് നാടിന് സമർപ്പിക്കും
കൊല്ലം: പ്രവാസിയുടെ കരുതലിൽ എഴുകോൺ കാരുവേലിൽ പബ്ളിക് ലൈബ്രറിയ്ക്ക് പുതിയ കെട്ടിടമൊരുങ്ങി. ചിറ്റാകോട് ബിജുമന്ദിരത്തിൽ ബിജു ജോണാണ് പിതാവ് ജോണിന്റെ സ്മരണക്കായി 30 ലക്ഷത്തിലധികം രൂപ ചെലവിട്ട് ലൈബ്രറിക്ക് മനോഹരമായ കെട്ടിടം നിർമ്മിച്ച് നൽകിയത്. 1971ൽ പ്രവർത്തനം തുടങ്ങിയ ലൈബ്രറിയുടെ കനകജൂബിലി സ്മാരകമാണ് പുതിയ കെട്ടിടം. ഇന്ന് വൈകിട്ട് 4ന് കെട്ടിടം നാടിന് സമർപ്പിക്കും. നാളെ മുതൽ 10 വരെ കനകജൂബിലി ആഘോഷങ്ങളും ഓണാഘോഷവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പി.ഗണേഷ് കുമാറും സെക്രട്ടറി കെ.ശശിധരനും അറിയിച്ചു.
ഗ്രാമത്തിന്റെ അക്ഷരവെളിച്ചം
എഴുകോൺ ഗ്രാമപഞ്ചായത്തിലെ കാരുവേലിൽ, ചിറ്റാകോട്, പരുത്തൻപാറ, ചീരങ്കാവ് വാർഡുകൾ കേന്ദ്രീകരിച്ച് സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ അര നൂറ്റാണ്ടായി ഇടപെടുകയാണ് കാരുവേലിൽ പബ്ളിക് ലൈബ്രറി. 933 അംഗങ്ങളും 7824 പുസ്തകങ്ങളുമാണ് ലൈബ്രറിക്കുള്ളത്. നാടിന്റെ സമസ്ത മേഖലകളിലും പുരോഗതിക്കായി ഇടപെട്ടിരുന്ന ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ലൈബ്രറിയുടെ കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായതോടെ പ്രവർത്തനങ്ങളിലും കുറച്ചേറെ പിന്നോട്ട് പോകേണ്ടി വന്നു. എന്നാൽ പുതിയ കെട്ടിടം എന്ന ആശയത്തിലേക്ക് എത്തിയപ്പോഴാണ് ബിജു ജോൺ കെട്ടിടം നിർമ്മിച്ചു നൽകാമെന്നേറ്റത്. ഏറെക്കാലം ഈ ഗ്രാമത്തിൽ വയറിംഗ്, പ്ളംബിംഗ് ജോലി ചെയ്തിരുന്ന ബിജു ജോൺ പ്രവാസലോകത്തേക്ക് പറന്നശേഷം നാടിന്റെ മുഖശ്രീ തെളിയിക്കാൻ പൂർണസമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പഴയ കെട്ടിടം പൊളിച്ച് നീക്കി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. രണ്ട് നിലകളിലായി 151.66 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിച്ചത്. തുറന്നുവച്ച പുസ്തകത്തിന്റെ രൂപത്തിലാണ് മേൽക്കൂര, അകത്തും പുറത്തും വ്യത്യസ്തത പുലർത്തുന്ന നിർമ്മാണമാണ് ഉപയോഗിച്ചിട്ടുള്ളത്.