ചാത്തന്നൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ബി.ജെ.പി ഭരണത്തിന് അന്ത്യംകുറിക്കാൻ കോൺഗ്രസിന് ശക്തിപകരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.
കോൺഗ്രസിന്റെ തിരിച്ച് വരവിനെ മോദിയും ബി.ജെ.പിയും ഭയക്കുന്നതിനാലാണ് ദേശീതലത്തിൽ വിലക്കയറ്റത്തിനെതിരെ
എ.ഐ.സി.സിയുടെ പ്രക്ഷോഭത്തെ മോദി പരിഹസിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ചാത്തന്നൂരിൽ എത്തിയതായിരുന്നു കെ.സി.വേണുഗോപാൽ.
സ്വാഗത സംഘം ഓഫീസും രാഹുൽ ഗാന്ധിക്കും ജാഥ അംഗങ്ങൾക്കും വിശ്രമിക്കാനുള്ള ഓഡിറ്റോറിയവും സന്ദർശിച്ച അദ്ദേഹം രണ്ടായിരത്തോളം പേർക്ക് ഇരിക്കാനായി നിർമ്മിക്കുന്ന പന്തലിന്റെ നിർമ്മാണ പുരോഗതിയും വിലയിരുത്തി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി മാരായ എം.എം.നസീർ,പഴകുളം മധു,കെ.പി.സി.സി.മുൻ വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ, ഭാരത് ജോഡോ യാത്രയുടെ ചാത്തന്നൂർ നിയോജക മണ്ഡലം കോ- ഓർഡിനേറ്റർ നെടുങ്ങോലം രഘു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം.സുന്ദരേശൻ പിള്ള, ബിജു പാരിപ്പള്ളി ,ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.എം ഇക്ബാൽ, പ്രമോദ് കാരംകോട് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.