കൊല്ലം: യോഗനാദം ടി.വിയുടെ ഉദ്ഘാടനം, സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് ഒഫ് കമ്പനിയുടെ 27-ാം വാർഷികം എന്നിവയുടെ ഭാഗമായി നടന്ന മെഗാഷോ വവ്വാക്കാവ് സൗത്ത് ഇന്ത്യൻ ജുവൽ ടവർ അങ്കണത്തെ ആനന്ദത്തിമിർപ്പിലാഴ്ത്തി. സൗത്ത് ഇന്ത്യൻ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളുടെ വിവിധ ഘട്ടങ്ങളായി നടന്ന ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ കുളിർക്കാറ്റ് പോലെ ഒഴുകിയെത്തിയ കലാവിരുന്ന് ആസ്വാദക ഹൃദയങ്ങളിൽ ആവേശത്തിന്റെ പെരുമഴയായി മാറി.

സ്റ്റീഫൻ ദേവസിയും ജാസി ഗിഫ്റ്റും തീർത്ത താളവിസ്മയത്തിൽ നൂറ് കണക്കിന് പേർ ആനന്ദനൃത്തമാടി. മനീഷ, രചന നാരായൻകുട്ടി തുടങ്ങിയവരുടെ നൃത്തച്ചുവടുകൾക്കൊപ്പം ആസ്വാദകഹൃദയങ്ങൾ തുടിച്ചു. നോബി, ബിജു ചാലക്കുടി, ജീജ സുരേന്ദ്രൻ തുടങ്ങിയവർ തീർത്ത ഹാസ്യവിരുന്നിൽ ജനം മതിമറന്നു. സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ അതിദീർഘവും അവിസ്മരണീയവുമായ കലാവിരുന്നാണ് സൗത്ത് ഇന്ത്യൻ ജുവൽ ടവർ അങ്കണത്തിൽ അരങ്ങേറിയത്.

14 മണിക്കൂർ നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കിടയിൽ ഒരു നിമിഷം പോലും ആസ്വാദകർക്ക് മുഷിപ്പ് അനുഭവപ്പെട്ടില്ല. ഒന്നിന് പിറകെ ഒന്നായി മിന്നും പ്രകടനങ്ങൾ വേദിയിലേക്ക് എത്തുകയായിരുന്നു. ഇങ്ങനെ സമാനതകളില്ലാത്ത സംഘാടക മികവിന്റെ വിളംബരമായി സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് ഒഫ് കമ്പിനിയുടെ വാർഷികാഘോഷം മാറി. കരുനാഗപ്പള്ളി, വവ്വാക്കാവ്, ഓച്ചിറ തുടങ്ങിയ പ്രദേശങ്ങൾക്ക് പുറമേ നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ആഘോഷ പരിപാടികൾ വീക്ഷിക്കാൻ എത്തിയിരുന്നു. രാത്രിയോടെ ആഘോഷ പരിപാടികൾക്ക് തിരശീല വീണപ്പോൾ നിറഞ്ഞ മനസോടെയാണ് ജനങ്ങൾ അവിടം വിട്ടിറങ്ങിയത്.