 ദിവസവും വൈകുന്നേരം കലാസന്ധ്യ, സമാപനം 7ന്

കൊല്ലം: വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളും കൗതുകകാഴ്ചകളുമായി ആശ്രാമത്തെ സമൃദ്ധിമേള ശ്രദ്ധേയമാകുന്നു.ജില്ലാ പഞ്ചായത്തിന്റെയും ജില്ലാവ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഓണം വിപണന മേളയിൽ വന വിഭവങ്ങൾ മുതൽ കുര്യോട്ടുമല ഫാമിലെ ഒട്ടകപക്ഷിയുടെ മുട്ടകൾ വരെ ലഭ്യമാണ്. കയർ, കൈത്തറി ഉല്പന്നങ്ങളുടെയും ആദിവാസികളുടെ കരവിരുതിൽ വിരിഞ്ഞ കരകൗശല വിഭവങ്ങളുടെ സ്റ്റാളുകളാണ് പ്രത്യേക ആകർഷണം. കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരം തന്നെ മേളയിലുണ്ട്. മുളളുവിള, വടക്കേവിള, ചാത്തന്നൂർ തുടങ്ങിയ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങൾ, ഹാൻടക്സ്, ഹാൻവീവ് തുടങ്ങിയ 12 സ്റ്റാളുകൾ കൈത്തറി വസ്ത്രങ്ങൾക്ക് മാത്രമായി വേർതിരിച്ചിരിക്കുന്നു. പുതിയ ഡിസൈനിലുളള സാരികൾ, കസവ് മുണ്ടുകൾ, ഷർട്ടുകൾ എന്നിവയും ലഭ്യമാണ്. വസ്ത്രങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റും അനുവദിച്ചിട്ടുണ്ട്.

പരമ്പരാഗത ഗോത്ര വർഗ മേഖലയിൽ നിന്നുളള വൈവിധ്യമാർന്ന വന വിഭവങ്ങളും മേളയിൽ കൗതുകമായി മാറിയിട്ടുണ്ട്. കുളത്തൂപ്പുഴ, പത്തനാപുരം മേഖലകളിലുളളവർ മുളയിലും ഈറയിലും തീർത്ത കുട്ടകൾ, വട്ടികൾ, കരകൗശല ഉല്പന്നങ്ങൾ, കാട്ടിലെ തേൻ, കുന്തിരിക്കം, കുടംപുളി, കസ്തൂരിമഞ്ഞൾ, നറുനണ്ടി സർബത്ത്, ഈർക്കിൽ ചൂൽ എന്നിങ്ങനെ ഉല്പന്നങ്ങൾ നിരവധി. കയർ കോർപ്പറേഷൻ, കയർ ഫെഡ് സ്റ്റാളുകളിൽ ചവിട്ടി, മെത്ത എന്നിവ 30 ശതമാനം വിലക്കുറവിൽ ലഭിക്കും. ചെറുകിയ വ്യവസായ യൂണിറ്റുകളുടെ 65 ലധികം സ്റ്റാളുകളിൽ വിവിധ ഭക്ഷ്യ ഉല്പന്നങ്ങൾ, ബേക്കറി, മധുര പലഹാരങ്ങൾ, ചിപ്സുകൾ, കറിപ്പൊടികൾ, ധാന്യപ്പൊടികൾ, കറിമസാലകൾ, വെളിച്ചെണ്ണ തുടങ്ങിയവ സുലഭം.

ചക്ക മുതൽ ഒട്ടകപക്ഷി മുട്ട വരെ

 കുര്യോട്ടുമല ഫാമിലെ മണ്ണിര കമ്പോസ്റ്റ്, ഒട്ടകപക്ഷിയുടെ മുട്ട

 തോട്ടത്തറ ഹാച്ചറി സ്റ്റാളിൽ ഗ്രാമശ്രീ കോഴികൾ

 ചക്കയിൽ നിന്നുളള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ

 ഓർക്കിഡുകൾ, തോട്ടം ഒരുക്കാനുളള യന്ത്ര സാമഗ്രികൾ, പുട്ടുകുറ്റി

കൊവിഡ് കാരണം തളർന്നു പോയ ചെറുകിട വ്യവസായ സംരംഭകർക്കും പരമ്പരാഗത ഉൽപ്പന്ന നിർമ്മാതാക്കൾക്കും ആശ്വാസമാണ് മേള

സാം കെ. ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്