admision

 സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് വൈകിട്ട് 5 വരെ

കൊല്ലം: പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് വൈകിട്ട് വരെ അപേക്ഷിക്കാം. ജില്ലയിൽ കമ്മ്യൂണിറ്റി ക്വാട്ട ഉൾപ്പെടെ വിവിധ സ്‌കൂളുകളിലായി 3795 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനത്തിനെത്താത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാനാകില്ല.
ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ അപേക്ഷാവിവരങ്ങൾ പരിശോധിക്കാനും ഓപ്ഷനുകൾ ഉൾപ്പടെയുള്ളവ തിരുത്താനുമായി നാലുദിവസം സമയം അനുവദിച്ചിരുന്നു. എന്നാൽ,​ തെ​റ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ പുതുക്കുന്ന അവസരത്തിൽ തിരുത്തണം.



കാൻഡിഡേ​റ്റ് ലോഗിൻ വേണം

 യോഗ്യതാ പരീക്ഷയുടെ സ്‌കീം, രജിസ്റ്റർ നമ്പർ, പാസായ വർഷം ശരിയായ വിവരങ്ങൾ നൽകി പുതിയ അപേക്ഷ ഓൺലൈനായി സമർപ്പിച്ച് കാൻഡിഡേ​റ്റ് ലോഗിൻ രൂപീകരിക്കണം

 അലോട്ട്‌മെന്റ് ലഭിക്കാത്തവർ കാൻഡിഡേറ്റ് ലോഗിനിൽ പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം
 ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്‌സൈ​റ്റിൽ കാൻഡിഡേ​റ്റ് ലോഗിൻ രൂപീകരിക്കണം

 കാൻഡിഡേ​റ്റ് ലോഗിനിലെ അപ്ലൈ ഓൺലൈൻ ലിങ്ക് വഴി അപേക്ഷ നൽകണം
 പ്രവേശനം നിരാകരിക്കപ്പെട്ടവർ കാൻഡിഡേ​റ്റ് ലോഗിനിലെ റിന്യൂ ആപ്ളിക്കേഷൻ ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തണം
 സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിച്ച വേക്കൻസിക്കനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകാൻ

 ഒഴിവുള്ള സ്‌കൂൾ, കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ

സ്‌കൂളുകളിൽ ഹെൽപ്പ് ഡെസ്ക്

അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനും മ​റ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും അതത് സ്‌കൂൾ ഹെൽപ്‌ഡെസ്കുകളിൽ ലഭ്യമാകും.