പുനലൂർ:വാഹനാപകടത്തിൽ മരിച്ച ദമ്പതികൾക്ക് നാട് യാത്രമൊഴി നൽകി.പുനലൂർ ദീൻ ആശുപത്രിയിലെ ജീവനക്കാരനായ പ്ലാച്ചേരി കല്ലുവിള വീട്ടിൽ ലാലനും ഭാര്യ കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സുനി ലാലനുമാണ് വ്യാഴാഴ്ച രാവിലെ കലയനാടിന് സമീപത്ത് വച്ച് സഞ്ചരിച്ചിരുന്ന ബൈക്കിൽ ടോറസ് ലോറി ഇടിച്ച് മരിച്ചത്. ഇന്നലെ മൃതദേഹങ്ങൾ പുനലൂർ നഗരസഭ ഹാളിലും പുനലൂർ ദീൻ ആശുപത്രി,വാളക്കോട് എൻ.എസ്.വി.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വാളക്കോട് ചൈതന്യ പ്രൈമറി സ്കൂൾ, കലയനാട് സി.പി.എം ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് ജന്മ നാടായ പ്ലാച്ചേരിയിലെ വീട്ടിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജന പ്രതിനിധികളും അദ്ധ്യാപകരും കുടുംബശ്രീ പ്രവർത്തകരും വിദ്യാർത്ഥികളും അന്ത്യോപചാരം അർപ്പിച്ചു.. പി.എസ്.സുപാൽ എം.എൽ.എ, കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷ വി.പി.ഉണ്ണികൃഷ്ണൻ, മുൻ മന്ത്രി കെ.രാജു, മുൻ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ഭാരതീപുരം ശശി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.