1-
എക്സൈസ് സംഘം കണ്ടെത്തിയ പവിത്രേശ്വരത്തെ വാറ്റ് കേന്ദ്രം

കൊല്ലം: എഴുകോൺ പവിത്രേശ്വരം വൈദ്യർ മുക്കിന് സമീപത്തെ ആൾപ്പാർപ്പില്ലാത്ത കാടുപിടിച്ചുകിടന്ന സഥലത്ത് വാറ്റുകേന്ദ്രം കണ്ടെത്തി. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എ. സഹദുള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കന്നാസുകളിലും കുപ്പികളിലും പാത്രങ്ങളിലുമായി ശേഖരിച്ച് വച്ചിരുന്ന 40 ലി​റ്റർ ചാരായവും 300 ലി​റ്റർ കോടയും പിടികൂടി. കുപ്പികളിൽ ചാരായം നിറച്ച് മിനറൽ വാട്ടർ പായ്ക്കുകളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ശേഖരിച്ചു വച്ചിരുന്നത് . ഓണാഘോഷത്തിന്റെ അനധികൃത ലഹരി വിപണനം തടയുന്നത് ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പ് ഷാഡോ സംഘത്തെ നിയോഗിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ എ. ഷഹാലുദ്ദീൻ. സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. നഹാസ്, ജി. അഭിലാഷ്, ജി. ജിനു എന്നിവർ പരിശോധനാസംഘത്തിലുണ്ടായിരുന്നു.