robbery

അഞ്ചൽ: അറയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ വാളകം ശാഖയുടെ ഒന്നാം നിലയിൽ കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം. ബാങ്കിനോട് ചേർന്ന് ബാങ്കിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന വളം ഡിപ്പോയിലാണ് മോഷണ ശ്രമം നടന്നത്. വളം ഡിപ്പോയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകളും ഷട്ടറുകളും തകർത്ത നിലയിലാണ്. കെട്ടിടത്തിന്റെ പിൻഭാഗത്ത് നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കൊണ്ടുവന്ന പിക്കാസ് ഉപയോഗിച്ചാണ് മോഷണ ശ്രമം നടത്തിയത്. ഇതിനടുത്തുതന്നെ ഒരു റബർ ടാപ്പിംഗ് കത്തിയും കാണപ്പെട്ടു. മോഷണ ശ്രമം നടക്കുമ്പോൾ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും അയാൾ ഒന്നും അറി‌ഞ്ഞില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഏതാനും നാൾ മുമ്പ് വളം ഡിപ്പോയോട് തൊട്ടടുത്ത മുറിയിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡിന്റെ ഔട്ട് ലെറ്റിൽ തീപിടിത്തം ഉണ്ടാവുകയും അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഇതും ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ അറിഞ്ഞില്ലെന്ന് പറയുന്നു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.