അഞ്ചൽ: വിളക്കുപാറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. വിളക്കുപാറ ദർഭപ്പണ ശരണ്യാലയത്തിൽ മോഹനൻ (60) ആണ് റിമാൻഡിലായത്. കഴിഞ്ഞ ഫെബ്രുവരി 26ന് വൈകിട്ടാണ് വിളക്കുപാറ പാറവിള വീട്ടിൽ വത്സല (55)യുടെ മൃതദേഹം വീട്ടിനുള്ളിൽ സംശയാസ്പദമായ നിലയിൽ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവർ എല്ലാ ദിവസവും രാവിലെ സമീപത്തെ ചായക്കടയിൽ എത്തിയിരുന്നു. എന്നാൽ സംഭവ ദിവസം വത്സലയെ കാണാത്തതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ കതകിലും ഭിത്തിയിലും തറയിലും ചോരപ്പാടുകളും മൃതദേഹത്തിൽ മുറിവുകളും കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ഡി.എൻ.എ ടെസ്റ്റ് ഉൾപ്പടെ തെളിവുകൾ ശേഖരിച്ചിരുന്നു. പിന്നീട് അന്വേഷണം ഇഴഞ്ഞതോടെ ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയനും ഗ്രാമപഞ്ചായത്ത് മുൻ അംഗവും മരണപ്പെട്ട വത്സലയുടെ മകനും ചേർന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഇതേ തുടർന്ന് റൂറൽ എസ്.പി അന്വേഷണ ചുമതല പുനലൂർ ഡിവൈ.എസ്.പി. വിനോദിനെ ഏൽപ്പിക്കുകയായിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും ഡിവൈ.എസ്.പി രൂപീകരിച്ചിരുന്നു.