കൊല്ലം: ആകെ പ്രതീക്ഷിച്ച ചെലവിന്റെ പകുതിയോളം ഫൗണ്ടേഷൻ നിർമ്മാണത്തിന് വേണ്ടിവരുമെന്ന അവസ്ഥ വന്നതോടെ ജില്ലാ കോടതി സമുച്ചയ നിർമ്മാണം പ്രതിസന്ധിയിലായി. 65 കോടിക്ക് കോടതി സമുച്ചയം പൂർത്തിയാക്കാമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടൽ. എന്നാൽ, ഇപ്പോൾ ഫൗണ്ടേഷൻ നിർമ്മാണത്തിന് മാത്രം 32 കോടി വേണ്ട അവസ്ഥയാണ്.
കോടതി സമുച്ചയ നിർമ്മാണത്തിനായി കൈമാറിയ എൻ.ജി.ഒ ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മണ്ണിന്റെ ബലക്കുറവാണ് പ്രശ്നമായത്. കൂടുതൽ ആഴത്തിൽ പൈൽ ചെയ്താലെ കെട്ടിടത്തിന് ഉറപ്പ് ലഭിക്കുവെന്നായിരുന്നു മണ്ണ് പരിശോധന ഫലം. 365 പൈലുകളാണ് കോടതി സമുച്ചയത്തിന് വേണ്ടത്. പൈലുകളും പൈൽ ക്യാപ്പുകളും സഹിതമുള്ള ഫൗണ്ടേഷൻ നിർമ്മാണത്തിനായി പൊതുമരാമത്ത് കെട്ടിട വിഭാഗം 40 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ഇതോടെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് 32 കോടി ചെലവിൽ അടിസ്ഥാനം നിർമ്മിക്കാനുള്ള നീക്കത്തിലാണ്.
കളക്ട്രേറ്റിലെ ശ്വാസം മുട്ടലിന് പരിഹാരം
ഏഴ് നിലകളായി 205000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ കോടതി സമുച്ചയം. മൂന്ന് നിലകളുള്ള കുടുംബകോടതി കെട്ടിടം പാർക്കിംഗ് ടവർ എന്നിവയും പദ്ധതിയിലുണ്ട്. 60 മീറ്റർ നീളവും 54 മീറ്റർ വീതിയുമാണ് കെട്ടിടത്തിന് ആകെ കണക്കാക്കിയിരിക്കുന്നത്. ഇപ്പോൾ കളക്ട്രേറ്റിലും പരിസരത്തുമായി പ്രവർത്തിക്കുന്ന 27 കോടതികളും അനുബന്ധ ഓഫീസുകളും പുതിയ സമുച്ചയത്തിലേക്ക് വരും. അതോടെ കളക്ട്രേറ്റിലെ ശ്വാസം മുട്ടലിന് പരിഹാരമാകും. ഇപ്പോൾ ജില്ലാ കേന്ദ്രത്തിൽ നിന്ന് ഏറെ അകലെയും വാടക കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന പല വകുപ്പുകളുടെയും ജില്ലാ ഓഫീസുകൾ അടക്കം സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് വരും. ഇത് ജനങ്ങൾക്കും ഏറെ പ്രയോജനപ്പെടും.
കോടതി സമുച്ചത്തിന് വേണം 125 കോടി
കഴിഞ്ഞ വർഷം പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിന് 10 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. കണക്കുകൂട്ടലുകൾ തെറ്രിയ സാഹചര്യത്തിൽ പുതിയ ഭരണാനുമതി ലഭിച്ചാലേ ഡി.പി.ആർ തയ്യാറാക്കൽ അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാകു. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ജില്ലാ ജഡ്ജിയും പ്രത്യേകം കത്ത് നൽകിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ നിലവിലെ രൂപരേഖ പ്രകാരമുള്ള കോടതി സമുച്ചയം പൂർത്തിയാക്കാൻ 125 കോടിയെങ്കിലും വേണം.