കൊല്ലം: സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾ ഗ്രാമീണ പാതകൾ അവഗണിച്ചതോടെ ജില്ലയുടെ ഉൾപ്രദേശങ്ങളിൽ യാത്രാക്ളേശം രൂക്ഷമായി. കൊവിഡ് അടച്ചിടലിനുശേഷം തുറന്നപ്പോൾ റദ്ദാക്കിയ പല ഷെഡ്യൂളുകളും കെ.എസ്.ആർ.ടി.സി പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനൊപ്പം നിരവധി സ്വകാര്യ ബസുകളും റൂട്ടുകൾ ഉപേക്ഷിച്ചു.
കൊവിഡിന് മുമ്പ് കൊല്ലം ഡിപ്പോയിൽ 110 ഷെഡ്യൂളുകൾ ഓടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 72 ആയി ചുരുങ്ങി. കരുനാഗപ്പള്ളി ഡിപ്പോയിൽ 77ൽ നിന്ന് 63 ആയും പുനലൂരിൽ 63ൽ നിന്ന് 48 ആയും കൊട്ടാരക്കരയിൽ 110ൽ നിന്ന് 105 ആയും ചാത്തന്നൂരിൽ 57ൽ നിന്ന് 33 ആയും സർവീസ് കുറഞ്ഞു.
വിവിധ ഡിപ്പോകളിൽ നിന്ന് ഗ്രാമീണ മേഖലകളിലേക്ക് ഓടിയിരുന്ന സ്റ്റേ ബസുകളിൽ പലതും നിറുത്തലാക്കി. ഇതോടെ സ്ത്രീകളടക്കമുള്ള സ്ഥിരം യാത്രക്കാരാണ് പെരുവഴിയിലായത്.
കുമ്പളം, ഉപ്പൂട്, പടിഞ്ഞാറേകല്ലട, കടപുഴ, ശാസ്താംകോട്ട, ഓയൂർ, വെളിയം എന്നിവിടങ്ങളിലേക്കുള്ള സ്റ്റേ ബസുകളും ഓടുന്നില്ല. കൊല്ലത്ത് നിന്ന് രാവിലെ കരിക്കോട് സാരഥി വഴി തിരുവനന്തപുരം, മയ്യനാട് വഴി തിരുവനന്തപുരം, അഷ്ടമുടി വഴി തിരുവനന്തപുരം, അയത്തിൽ വഴി തിരുവനന്തപുരം, അതിരാവിലെ സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസുകളും സർവീസ് അവസാനിപ്പിച്ചിരിക്കുകയാണിപ്പോൾ. കൊല്ലത്തുനിന്ന് അംബിപൊയ്ക, ഇടയ്ക്കോട്, കുഴിമതിക്കാട്, വെളിയം എന്നിവിടങ്ങളിലേക്ക് രാവിലെ ആറിനും ഏഴിനും ഇടയിൽ സർവീസ് നടത്തിയിരുന്ന ഓർഡിനറി സർവീസുകളും ഇപ്പോൾ ഓടുന്നില്ല.