1-

കൊല്ലം: ഓണക്കാല വിൽപ്പനയ്ക്കായി വീടിനോട് ചേർന്നുള്ള മുറിയിൽ ചാരായം വാറ്റുകയായിരുന്ന യുവാവിനെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കിഴക്കേ കല്ലട തെക്കേമുറി മുട്ടം തൈവിളാകം വീട്ടിൽ രെജൻ ദാസിനെയാണ് (34) പത്ത് ലി​റ്റർ ചാരായവും 20 ലി​റ്റർ കോടയുമായി പിടികൂടിയത്. ലോക്ക് ഡൗൺ കാലത്ത് സമാനരീതിയിൽ ചാരായം വാറ്റിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി എക്സൈസ് അറിയിച്ചു. കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എം. മനോജ്‌ലാലിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ രഘു സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, അജിത്, ജൂലിയൻ ഡ്രൈവർ നിഷാദ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.