anganavadi-
വരിക്കോലിൽ അങ്കണവാടി കുട്ടികൾക്കായി തുറന്ന് നൽകിയപ്പോൾ

കുന്നിക്കോട് : നീണ്ട നാളത്തെ വിവാദങ്ങൾക്കൊടുവിൽ വരിക്കോലിൽ അങ്കണവാടി കുട്ടികൾക്കായി തുറന്ന് നൽകി. വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് വരിക്കോലിൽ കോളനിയിലെ 161-ാം നമ്പർ അങ്കണവാടിയുടെ പുതിയ മന്ദിരമാണ് ഇന്നലെ തുറന്നത്. വാർഡംഗം ധന്യ പ്രദീപും, ടീച്ചർ സുഭദ്രയും ഭദ്രദീപം തെളിയിച്ച് കുട്ടികൾക്ക് മധുരം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ മന്ദിരം തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നില്ല.

പുതിയ മന്ദിരത്തിന്റെ എല്ലാ ജോലികളും പൂർത്തിയാക്കിയതിന് ശേഷം മാത്രം തുറന്നാൽ മതി എന്നായിരുന്നു കോളനി നിവാസികളുടെ ആവശ്യം. അതേ സമയം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി തുറക്കാൻ അധികൃതരും വിസമ്മതിച്ചു. ഫലത്തിൽ ഒരു മാസത്തിൽ കൂടുതൽ അങ്കണവാടി അടഞ്ഞ് കിടന്നു. ഇത് സൂചിപ്പിച്ച് 'കേരളകൗമുദി' നൽകിയ വാർത്തയുടെ അടിസ്ഥനത്തിലാണ് വേഗത്തിൽ അങ്കണവാടി തുറന്നത്. കരാറുകാരൻ ക്ലോസറ്റ് വെച്ച് നൽകാമെന്ന് അറിയിച്ചതോടെ വാർഡംഗം ധന്യ പ്രദീപ് തൊഴിലാളികൾക്കുള്ള കൂലിയും നൽകി. കഴിഞ്ഞ ശനിയാഴ്ച്ച ക്ലോസറ്റ് ഫിറ്റു ചെയ്തു. കിണറ്റിൽ പമ്പ് ഘടിപ്പിക്കുന്നത് ഒരു മാസത്തിനം ശരിയാക്കി നൽകാമെന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനും ഉറപ്പ് നൽകി. അതോടെ പ്രശ്നങ്ങൾ പരിഹരിച്ച് അങ്കണവാടി തുറക്കുകയായിരുന്നു.