കരുനാഗപ്പള്ളി: കന്നേറ്റി കായലിലെ ജലോത്സവത്തിന് ഇനി നാളുകൾ മാത്രം. 83-ാം ശ്രീനാരായണ ട്രോഫി ജലോത്സവം 10ന് അരങ്ങേറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 8ന്‌ ജലോത്സവ കമ്മിറ്റി ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ പതാക ഉയർത്തുന്നതോടെ ജലോത്സവത്തിന് തുടക്കമാകും. ഉച്ചയ്ക്ക് 2ന് ജലോത്സവ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. എം.പിമാരായ അഡ്വ.എ.എം.ആരിഫ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ ഡോ.സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ എന്നിവർ മാസ് ഡ്രിൽ സല്യൂട്ട് സ്വീകരിക്കും. ജില്ലാ കളക്ടർ അഫ്സാന പർവീൻ ബോണസ് വിതരണം ചെയ്യും. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് സമ്മാനദാനം നിർവഹിക്കും. സുരേഷ് പാലക്കോട്ട്, അയോക്സ് ശശികുമാർ എന്നിവർ പ്രൈസ് മണി വിതരണം ചെയ്യും.

ചാമ്പ്യൻ ബോട്ട് ലീഗിൽ

ഉച്ചയ്ക്ക് 2.30 മുതൽ ജല ഘോഷയാത്രയും മത്സര വള്ളം കളിയും ആരംഭിക്കും. കേരളത്തിലെ പ്രശസ്തമായ ആറ് ചുണ്ടൻ വള്ളങ്ങൾ മത്സരത്തിൽ അണിനിരക്കും. ദേശീയപാതയോരത്ത് നടക്കുന്ന സംസ്ഥാനത്തെ ഏക ജലോത്സവമായ കന്നേറ്റി ജലമേള സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെ കാണികൾക്ക് നേരിട്ട് കാണാൻ കഴിയും. അടുത്തവർഷം മുതൽ ജലോത്സവം സി.ബി.എല്ലിൽ ( ചാമ്പ്യൻ ബോട്ട് ലീഗ്) ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയതായും സംഘാടകർ അറിയിച്ചു.

പ്രൈസ് മണി നൽകും

ചുണ്ടൻ വള്ളങ്ങളുടെ പ്രൈസ് മണി ഒന്നാംസ്ഥാനക്കാർക്ക് 1,25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 75,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും ആയിരിക്കും. വെപ്പ് വള്ളങ്ങൾക്ക് 25,000 രൂപ പ്രൈസ് മണി നൽകും. തെക്കനോടി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് 15,000,
5000 എന്നീ ക്രമത്തിൽ പ്രൈസ് മണി നൽകും. അടിസ്ഥാന ബോണസായി 1,75,000 രൂപയും നൽകും വാർത്താ സമ്മേളനത്തിൽ സി.ആർ.മഹേഷ് എം.എൽ.എ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ജനറൽ ക്യാപ്ടൻ എസ്.പ്രവീൺകുമാർ ,ശാലിനി രാജീവ്, റജിഫോട്ടോ പാർക്ക്, ബിനോയ് കരിമ്പാലിൽ, സുരേഷ് കൊട്ടുകാട്, കുളച്ചവരമ്പേൽ ഷാജഹാൻ, മുരളീധരൻ പഞ്ഞിവിളയിൽ തുടങ്ങിയവർ പങ്കെടുത്തു.