 
കൊല്ലം: സംഘംചേർന്നുള്ള പരസ്യ മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിൽ മദ്ധ്യവയസ്കനെ ആക്രമിച്ച രണ്ടുപേർ ചാത്തന്നൂർ പൊലീസിന്റെ പിടിയിലായി. ആദിച്ചനല്ലൂർ, പ്ലാക്കാട്, മുണ്ടപ്പുഴ തെക്കതിൽ ഷിഹാബുദ്ദീൻ (51), സുബിത ഭവനിൽ മുരുകൻ (56) എന്നിവരാണ് പിടിയിലായത്. 30ന് രാത്രി 9 ഓടെ ഇത്തിക്കര ബസ് സ്റ്റോപ്പിന് പിറകിൽ വച്ചാണ് ചാത്തന്നൂർ താഴം വടക്ക് മാവിലഴികം വീട്ടിൽ താഹയ്ക്ക് മർദ്ദനമേറ്റത്. നെഞ്ചത്തിടിയേറ്റതിനാൽ താഹയുടെ വാരിയെല്ലിന് പൊട്ടുകയും ശ്വാസകോശത്തിനും ഹൃദയത്തിനും ക്ഷതം സംഭവിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ചാത്തന്നൂർ ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശ വി. രേഖ, സുരേഷ് കുമാർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ദിനേശ് കുമാർ, സി.പി.ഒ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.