police

കൊല്ലം: കൊല്ലത്ത് നിന്ന് കടൽ മാർഗം കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച 13 ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി ഇന്നലെ പിടിയിലായി. എട്ടു പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. തഞ്ചാവൂരിൽ നിന്ന് ട്രെയിനിൽ എറണാകുളത്തും അവിടെനിന്ന് കൊല്ലത്തും എത്തിയ ഇവർ നഗരത്തിലെ രണ്ട് ലോഡ്ജുകളിൽ മാറി മാറി താമസിച്ച് വരുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ 11 ശ്രീലങ്കക്കാർ കൊല്ലത്തെ ലോഡ്ജ് മുറിയിൽ നിന്ന് പിടിയിലായതോടെ, കൂടുതൽ പേർ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇന്നലെ രാവിലെ എട്ടോടെ കൊല്ലം വാടി ഹാ‌ർബറിന് സമീപം സംശയാസ്പദമായി കണ്ട പതിമൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പൊലീസിനെ കണ്ട് സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടു. ഇവരെ മംഗലപുരത്ത് വച്ച് ബസിൽ നിന്ന് പിടി കൂടി കൊല്ലം സിറ്റി പൊലീസിന് കൈമാറി.

ചെന്നൈയിൽ സന്ദർശക വിസയിലെത്തിയ ശ്രീലങ്കൻ സ്വദേശികളായ രണ്ടുപേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഇവർ കൊല്ലത്തേക്ക് കടന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം കൊല്ലം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 13 പേർ പിടിയിലായത്.ഭൂരിഭാഗം പേരും കാനഡയിലേക്ക് ബോട്ട് മാർഗം കടക്കാനെത്തിയെന്നാണ് പൊലീസിനോട് പറഞ്ഞത്. ചിലർ ആസ്ട്രേലിയ, ന്യൂസ് ലാൻഡ് എന്നീ രാജ്യങ്ങളും പറയുന്നുണ്ട്. ഇവരിൽ ചിലർ തമിഴ്നാട് കാരക്കാട് തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് കൊല്ലത്ത് എത്താൻ ഏജന്റിന്റെ നിർദ്ദേശം വന്നത്.കൂടുതൽ പേർ കാനഡയിലേക്ക് കടക്കാൻ എത്തിയിട്ടുള്ളതായാണ് പൊലീസ് നിഗമനം. തെരച്ചിൽ തുടരുന്നു.