
കൊല്ലം: തിരുവോണം കെങ്കേമമാക്കാൻ ഉപ്പ് മുതൽ കർപ്പൂരം വരെ ഒരുക്കുന്ന മലയാളികൾക്ക് എത്ര ദിനങ്ങളും സമയവുമുണ്ടെങ്കിലും പോരാക്കുറവുകൾ നികത്താൻ ഉത്രാടനാളിൽ വിപണികളിലേക്കൊരു യാത്രയുണ്ട്. 'ഉത്രാടപ്പാച്ചിൽ' എന്ന് പഴമക്കാർ വിളിക്കുന്ന ഈ വാങ്ങിക്കൂട്ടലുകളിൽ ഓണസദ്യ ഒരുക്കാനുളള വിഭവങ്ങൾ മുതൽ വിളമ്പാനുളള ഇലകൾ വരെ അടുക്കളയിലേക്കെത്തും. കഴിഞ്ഞ ദിവസങ്ങളിലെ മഴ, ഒരുക്കങ്ങളുടെ പൊലിമയ്ക്ക് അൽപ്പം മങ്ങലേൽപ്പിച്ചെങ്കിലും അന്തരീക്ഷം തെളിഞ്ഞതോടെ ജനം കൂട്ടത്തോടെ വിപണികളിൽ വീണ്ടുമെത്താൻ കാരണമായി. പതിവ് തെറ്റിക്കാതെ ഇത്തവണയും ഉത്രാടം നാളിൽ ഉച്ചതിരിയുമ്പോഴുള്ള പഴയ ഉത്രാടപാച്ചിലിൽ നാടും നഗരവും തിരക്കുകളിൽ അമരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും വിൽപ്പനശാലകളും.
വിലയിൽ പതറി പച്ചക്കറിയും ഏത്തയ്ക്കയും
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആഘോഷമായതിനാൽ ഓണവിപണികൾ സജീവമായിരുന്നു. പുത്തൻ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും പലചരക്ക് സാധനങ്ങളും പലരും നേരത്തെ തന്നെ വാങ്ങിയിരുന്നു. ഉത്രാടനാളെത്തിയപ്പോഴേക്കും പച്ചക്കറിക്കും എത്തയ്ക്കക്കും മൂന്നിരട്ടിയോളം വില വർദ്ധിച്ചു. നാടൻ ഏത്തയ്ക്ക വില 110മുതൽ 115 രൂപ വരെയായി. ഉത്രാടനാളായതിനാൽ ഇനിയും വില ഉയരാനാണ് സാദ്ധ്യത. വയനാടൻ കായയാണ് വിപണിയിൽ അല്പം ആശ്വാസമുള്ളത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഗൃഹോപകരണ, ഇലക്ട്രോണിക്സ് വിപണന കേന്ദ്രങ്ങളിലും അഭൂതപൂർവമായ തിരക്കായിരുന്നു. തിരുവോണ നാളിലേക്കെത്തുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ വൻ ഓഫറുകളും സമ്മാന പദ്ധതികളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ മത്സരിക്കുകയാണ്.
വിപണന മേളകൾക്ക് സമാപനം
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വിപണന മേളകൾ ഇന്ന് സമാപിക്കും
കൃഷി വകുപ്പ്, കൺസ്യൂമർ ഫെഡ്, സപ്ളൈകോ എന്നിവയുടെ വിപണികൾ
ജില്ലാ പഞ്ചായത്തിന്റെ ആശ്രാമത്തെ സമൃദ്ധിമേളയും ഇന്ന് സമാപിക്കും.
വിപണമേളകൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കി.
കയർ, കൈത്തറി ഉല്പന്നങ്ങളുടെ വിൽപ്പനയും തകൃതി.
ഓണകിറ്റ് വിതരണം
ജില്ലയിൽ: 90.04%
മഞ്ഞക്കാർഡ്: 97.8%
പിങ്ക് കാർഡ്: 96.57%
നീല: 91.6%
വെളള 90.04 %
ആകെ വിതരണം ചെയ്യേണ്ട കിറ്റുകൾ: 7,83,519
വിതരണം ചെയ്തത്: 7,08,106