 
കൊല്ലം : തൊണ്ട് തല്ലിയും കയർപിരിച്ചും ഓലമെടഞ്ഞും രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം തൊഴിൽ മത്സരങ്ങളുടെ ആഹ്ലാദത്തിൽ ഓണോത്സവത്തിന് തുടക്കം. നീരാവിൽ നവോദയം ഗ്രന്ഥശാല കായിക, കലാസമിതിയാണ് അഷ്ടമുടിക്കായലോരത്തെ കുപ്പണകയർ വ്യവസായ സഹകരണ സംഘം വളപ്പിൽ അന്യം നിന്നുപോകുന്ന തൊഴിലിനങ്ങളിൽ മത്സരമൊരുക്കി ചതുർദിന ഓണോത്സവത്തിന് തുടക്കം കുറിച്ചത്.
തൊണ്ട് തല്ല് മത്സരത്തിൽ 12 മിനിട്ട് മൂന്ന് സെക്കൻഡ് കൊണ്ട് പന്ത്രണ്ട് പോളതൊണ്ട് തല്ലി ചകിരിയാക്കി കോയിവിളപ്പുറത്ത് ചന്ദ്രലേഖ ഒന്നാം സ്ഥാനം നേടി. പുളിഞ്ചിയിൽ വിജയമ്മ രണ്ടാം സ്ഥാനത്തെത്തി. കയർ പിരി മത്സരത്തിൽ അഞ്ച് മിനിട്ട് കൊണ്ട് മൂന്ന് വള്ളി പിരിച്ച് വളച്ച്‌കെട്ടി കുപ്പണ ഗുരുപ്രസാദത്തിൽ സരസ്വതി, മിനി, ഷീല എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. പനമൂട് സ്വദേശിനികളായ സുകേശിനി , സുധ, ലത എന്നിവരുടെ ടീം രണ്ടാമതെത്തി.
ഒരു മിനിട്ട് 10 സെക്കൻഡ് കൊണ്ട് ഒരുമെടഞ്ഞ കാരിക്കവയലിൽ സരസ്വതിക്കാണ് ഓലമെടയൽ മത്സരത്തിൽ ഒന്നാം സ്ഥാനം. മുതിരവിള പൊന്നമ്മ രണ്ടാം സ്ഥാനം നേടി.
ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നവോദയം കായിക കലാസമിതി പ്രസിഡന്റ് കെ.എസ്.അജിത്ത് കുമാർ അദ്ധ്യക്ഷനായിരുന്നു. തൊഴിൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് മേയർ പ്രസന്നാ ഏണസ്റ്റ് 100 വൃദ്ധ മാതാക്കൾക്ക് ഓണപ്പുടവ സമ്മാരിച്ചു. 25 പേർക്ക് ഓണക്കിറ്റും.
നേരുത്തെ കൗൺസിലർ സ്വർണ്ണമ്മ ഗ്രാമദീപം തെളിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്‌ക്കർ, കയർ സംഘം പ്രസിഡന്റ് കെ.ശിവദാസൻ, ഗ്രന്ഥശാലാ സെക്രട്ടറി എസ്.നാസർ എന്നിവർ സംസാരിച്ചു. കലാസമിതി ഭാരവാഹികളായ എസ്.നജീബ്, വി.ബിജു, സുൽഫിക്കർ, വിലാസ്, രാജേഷ് തൃക്കാട്ടിൽ, നിഥിൻ തുടങ്ങിയവർ നേതൃത്വം നൽകി.