കൊല്ലം : സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നത് റെയിൽവേയുടെ സ്ഥിരം പരിപാടിയാണ്. കൊല്ലത്ത് നിന്നും തിരിച്ചുമുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടാതെയാണ് പല ട്രെയിനുകളുടെയും സമയം ക്രമീകരിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയതോടെ ട്രെയിനുകളെ ആശ്രയിച്ചുള്ള പതിവ് യാത്രക്കാർ ആകെ വലഞ്ഞിരിക്കുകയാണ്.

സമയക്രമത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയും കണക്ഷൻ ട്രെയിനുകൾ ഒരുക്കിയും യാത്രക്കാർക്ക് ആശ്വാസം നൽകാവുന്ന

കാര്യങ്ങളിൽ പോലും റെയിൽവേ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

കൊല്ലത്തു നിന്ന് രാവിലെ തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാടും ഇന്റർസിറ്റിയും രാവിലെ 10ന് മുമ്പ് ഒരിക്കലും അവിടെ എത്താറില്ല. തലസ്ഥാന നഗരത്തിലെ ഗതാഗതത്തിരക്ക് കൂടിയാകുമ്പോൾ സമയത്ത് ഒരിക്കലും ഓഫീസുകളിൽ എത്താൻ കഴിയില്ല.

ഏറ്റവും പുതുതായി സർവീസ് ആരംഭിച്ച കായംകുളം- കോട്ടയം- എറണാകുളം മെമു പോലും ആർക്കും പ്രയോജനപ്പെടാത്ത അവസ്ഥയാണ്.

ട്രെയിൻ അനുവദിക്കുക,

വെറുതെ ഓടിക്കുക !

കായംകുളത്തു നിന്ന് ഐലന്റ് പുറപ്പെടുന്നത് ഉച്ചകഴിഞ്ഞ് 2.55നാണ്. ഇതിന് തൊട്ടു പിന്നാലെ 3ന് മെമു പുറപ്പെടും. അതായത് 5 മിനിറ്റ് വ്യത്യാസത്തിലാണ് രണ്ടു ട്രെയിനുകളും ഓടുന്നത് എന്നർത്ഥം. ചുരുക്കത്തിൽ ട്രെയിൻ അനുവദിക്കുക, വെറുതെ ഓടിക്കുക എന്നതാണ് അവസ്ഥ. ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ഭാഗത്തു നിന്ന് കൊല്ലത്തേക്കുള്ള ശബരി എക്സ്പ്രസ് പുറപ്പെടുന്നത് 2.30നാണ്. 3ന് എറണാകുളം- കൊല്ലം മെമുവും 3.05ന് പരശുറാം എക്സ്പ്രസ് കോട്ടയം വിടും. ഇതു കഴിഞ്ഞാൽ കോട്ടയത്ത് നിന്ന് കൊല്ലത്തേക്കുള്ള വണ്ടി 5.40ന് മാത്രമാണ്. തിരുവനന്തപുരത്തേക്ക് 6 മണിക്ക് കേരളയും. മെമുവിന്റെ സമയം പുനക്രമീകരിച്ചാൽ യാത്രക്കാർക്ക് വലിയ അളവിൽ പ്രയോജനപ്പെടും.

ചെറിയമാറ്റം,​ വലിയ പ്രയോജനം

 നാഗ‌ർകോവിൽ - കോട്ടയം ട്രെയിൻ സമയം മാറ്റിയത് ദോഷമായി

കൊവിഡിന് മുമ്പ് വൈകിട്ട് മൂന്നിനായിരുന്നത് 2.30 ആക്കി

 തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30 ന് പുറപ്പട്ടിരുന്ന ശബരിയുടെ സമയം മാറിയതും ദുരിതമായി. പകരം സംവിധാനം ഒരുക്കിയതുമില്ല

മധുര - പുനലൂർ എക് സ്പ്രസ് ഇപ്പോൾ രാവിലെ 8.35ന് കൊല്ലത്തെത്തും

കൊല്ലം- കോട്ടയം- എറണാകുളം മെമു രാവിലെ 8.20ന് കൊല്ലത്തു നിന്ന് പുറപ്പെടും. മെമുവിന്റെ സമയത്തിൽ ചെറിയ മാറ്റം വരുത്തി കണക്ഷൻ ഒരുക്കിയാൽ വലിയ ആശ്വാസമാകും

 കൊല്ലം- ആലപ്പുഴ മെമുവും സ്ഥിര യാത്രക്കാർക്ക് പ്രയോജനമല്ല

 രാവിലെയുളള കോട്ടയം- കൊല്ലം പാസഞ്ചർ സമയം ക്രമീകരിച്ചാൽ

പുനലൂർ- നാഗർകോവിൽ എക്സ് പ്രസിൽ തിരുവനന്തപുരം യാത്ര സാദ്ധ്യമാക്കാം

യാത്രക്കാർ സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനുകളുടെ സമയത്തിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

ലിയോൺസ്, സെക്രട്ടറി, ഫ്രണ്ട്സ് ഓൺ റെയിൽസ്