കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തിയാഘോഷം വിപുലമായി നടത്താൻ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു. കരുനാഗപ്പള്ളി യൂണിയൻ ഓഫീസ്, ഓച്ചിറ ശ്രീനാരായണ മഠം, യൂണിയന്റെ പരിധിയിൽ പ്രവർത്തിക്കുന്ന 68 ശാഖകൾ, ഗുരു മന്ദിരങ്ങൾ എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ചതയ ദിനത്തിൽ രാവിലെ 7ന് യൂണിയൻ ഓഫീസിസിലെ ഗുരുദേവ ഛായാച്ചിത്രത്തിന് മുന്നിലുള്ള കെടാവിളക്കിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ ഭദ്രദീപം തെളിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. യൂണിയൻ ഓഫീസിൽ രാവിലെ മുതൽ ഗുരുദേവ ഭാഗവത പാരായണവും അന്നദാനവും ഉണ്ടായിരിക്കും. ജയന്തി ദിനത്തോടനുബന്ധിച്ച് ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഗുരുപൂജ, ഗുരുപുഷ്ഞ്ജലി, ഗുരുദേവ ഭാഗവതപാരായണം, മൗനപ്രർത്ഥന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. യൂണിയന്റെ പരിധിയിൽ വരുന്ന 68 ശാഖകളിലും രാവിലെ 8ന് പീതപതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾ ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും അറിയിച്ചു.