കൊല്ലം: പടിഞ്ഞാറേ കല്ലട ഫ്ളോട്ടിംഗ് സോളാർ പദ്ധതിയുടെ സോളാർ പാനൽ സ്ഥാപിക്കാൻ ആഗോള ടെൻഡർ ക്ഷണിക്കും. കെ.എസ്.ഇ.ബിയുടെയും നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ പ്രതിനിധികളുടെയും യോഗത്തിലാണ് ഈ തീരുമാനം. പാനൽ സ്ഥാപിക്കാൻ വേണ്ടി വരുന്ന ചെലവ് കണക്കാക്കി വൈദ്യുതിയുടെ വില നിശ്ചയിക്കാനും തീരുമാനിച്ചു. ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ജ്യോതിലാൽ, കെ.എസ്.ഇ.ബി ചെയർമാൻ രാജൻ ഗോബ്രഗഡെ, നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഡയറക്ടർ ജയരാമൻ ഗുണിതൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പദ്ധതിയിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്കിന്റെ പേരിൽ കെ.എസ്.ഇ.ബിയും നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനും തമ്മിലുണ്ടായ തർക്കം മൂലം പദ്ധതി നീളുകയായിരുന്നു.വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വൈദ്യുതി നിരക്ക് സംബന്ധിച്ച് ധാരണയായി.

തർക്കത്തിന് പരിഹാരം

ഇവിടെ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതിക്ക് യൂണിറ്റ് ഒന്നിന് 3.18 രൂപ വേണമെന്ന് ഹൈഡ്രോ പവർ കോർപ്പറേഷനും എന്നാൽ 2.45 രൂപയിൽ കൂടുതൽ നൽകാനാവില്ലെന്ന് കെ.എസ്.ഇ.ബിയും നിലപാടെടുത്തു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. കഴിഞ്ഞ സംസ്ഥാന ബ‌ഡ്ജറ്റിൽ വയബിലിറ്റി ഗ്രാന്റ് ഫണ്ടായി ഉൾപ്പെടുത്തിയ 32 കോടി രൂപ വൈദ്യുതി വകുപ്പിന് നൽകാമെന്ന ഉറപ്പിലാണ് ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനുമായി ധാരണയിലെത്തിയത്. ഇതനുസരിച്ച് നിരക്ക് കൂട്ടി നൽകാൻ കെ.എസ്.ഇ.ബിക്ക് കഴിയും.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി:

50 മെഗാവാട്ട്

പദ്ധതി ചെലവ്

₹ 350 കോടി (ആദ്യഘട്ടം)