
കരുനാഗപ്പള്ളി: വേദാന്തപണ്ഡിതനും ആട്ടക്കഥാകൃത്തുമായ പന്നിശേരി നാണുപിള്ളയുടെ സ്മരണാർത്ഥം ക്ലബ് ഏർപ്പെടുത്തിയിട്ടുള്ള 'തൗര്യത്രികം' പുരസ്കാരം കഥകളി നടൻ ഇഞ്ചക്കാട് രാമചന്ദ്രൻപിള്ളയ്ക്ക് സമ്മാനിച്ചു. പന്നിശേരി ശ്രീനിവാസക്കുറുപ്പിന്റെ പേരിലുള്ള 'ഗീതസാരസ്വതം' പുരസ്കാരം കലാനിരൂപകൻ വി.കലാധരനും മുൻ ചവറ എം.എൽ.എ എൻ.വിജയൻപിള്ളയുടെ പേരിലുള്ള യുവപ്രതിഭ പുരസ്കാരമായ 'രംഗമുദ്ര' കഥകളി നടൻ കലാമണ്ഡലം ശബരിക്കും പന്നിശേരി ഗണേശകുമാരൻ നായരുടെ പേരിലുള്ള 'വാദനശ്രീ' പുരസ്കാരം മേള വിദഗ്ദ്ധൻ ആയാംകുടി ഉണ്ണിക്കൃഷ്ണനും കലാനിലയം രാമകൃഷ്ണന്റെ പേരിലുള്ള 'വർണമുഖി' പുരസ്കാരം അണിയറ കലാകാരനായ പോരുവഴി വാസുദേവൻപിള്ളയ്ക്കും സമ്മാനിച്ചു.
പന്നിശേരി സമാധി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ സി.ആർ.മഹേഷ്, ഡോ. സുജിത്ത് വിജയൻപിള്ള, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ എന്നിവർ ചേർന്ന് സമ്മാനിച്ചു. ചിറയ്ക്കൽ ശ്രീഹരി അദ്ധ്യക്ഷനായി. പ്രൊഫ. സുരേഷ് മാധവ് അനുസ്മരണ പ്രഭാഷണം നടത്തി. കുരുമ്പോലിൽ ശ്രീകുമാർ, കണ്ണൻ കന്നേറ്റി വി.പി.ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു.