കൊല്ലം: പ്രമുഖ അഭിഭാഷകനും സി.എം.പി സംസ്ഥാന നേതാവുമായ കരുനാഗപ്പള്ളി തഴവ സ്വദേശി അഡ്വ. പനമ്പിൽ എസ്. ജയകുമാറിനെ കരുനാഗപ്പള്ളി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ട് പനമ്പിൽ.എസ്. ജയകുമാർ അഭ്യന്തര സെക്രട്ടറി, ഡി.ജി.പി, കമ്മിഷണർ എന്നിവർക്ക് പരാതി നൽകി.
ജയകുമാർ പറയുന്നത്: കരുനാഗപ്പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 5ന് രാത്രി ഏഴോടെ കാറിൽ ഒരുസംഘം പിന്തുടർന്നു. റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം എത്തിയപ്പോൾ കാർ ഓവർടേക്ക് ചെയ്ത് തടഞ്ഞുനിറുത്തി. കാറിൽ ഇടിച്ചിട്ട് നിറുത്താതെ പോയെന്ന് പറഞ്ഞ് തർക്കമുണ്ടായി.
ജയകുമാറിന്റെ ഫോൺ പിടിച്ചുവാങ്ങി ക്ലാർക്കിന്റെ നമ്പരിൽ വിളിച്ച് ഭീഷണിമുഴക്കി. കരുനാഗപ്പള്ളി പൊലീസിനെയും വിളിച്ചു. മിനിറ്റുകൾക്കുള്ളിൽ കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി ജയകുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്ന സി.ഐ, എസ്.ഐ എന്നിവരടങ്ങുന്ന സംഘം കുനിച്ചുനിറുത്തി നടുവിനും ലാത്തി കൊണ്ട് കാലിലും ക്രൂരമായി മർദ്ദിച്ചു.
കരുനാഗപ്പള്ളി സി.ഐ നേരത്തെ കിഴക്കേകല്ലട എസ്.ഐയായിരിക്കുമ്പോൾ പ്രദേശവാസികളുടെ ആക്രമണത്തിന് ഇരയായെന്ന കേസുണ്ട്. അതിലെ പ്രതികൾക്ക് ജാമ്യം എടുത്തുകൊടുത്തത് താനാണ്. ആ കേസിന്റെ വിചാരണ ഇപ്പോൾ നടക്കുകയാണ്. ഇതിന്റെ വൈരാഗ്യത്തിൽ തന്നെ ബോധപൂർവം കേസിൽ കുടുക്കിയെന്നും ജയകുമാറിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ അഭിഭാഷക സംഘടനയായ എ.ഐ.എൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.