ഘോഷയാത്രയും സമ്മേളനവും ഇന്ന്
കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 168-ാം മഹാജയന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരം പീതസാഗരമായി. നഗരത്തിന്റെ മുക്കും മൂലയും പീതപതാകകളും തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇന്ന് പുലർച്ചെ മുതൽ ഗുരുദേവ മന്ദിരങ്ങളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും ജയന്തി ആഘോഷ പരിപാടികൾ നടക്കും.
കഴിഞ്ഞ മൂന്ന് വർഷങ്ങളേക്കാൾ വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നത്.
പുലർച്ചെ മുതൽ ഗുരുദേവ മന്ദിരങ്ങളിൽ പ്രത്യേക പ്രാർത്ഥന, പുഷ്പാഭിഷേകം, ഗുരുദേവ കൃതികളുടെ പാരായണം, പായസവിതരണം എന്നിവ നടക്കും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ കൊല്ലത്ത് ചരിത്രം തീർക്കുന്ന ജയന്തി ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
സമ്മേളന സ്ഥലമായ കൊല്ലം എസ്.എൻ കോളേജിൽ ഇന്ന് രാവിലെ 8ന് കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പീതപതാക ഉയർത്തും. വൈകിട്ട് 5ന് സിംസ് ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. യൂണിയൻ, യോഗം പോഷക സംഘടനകൾ എന്നിവയുടെ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശ്രീനാരായണ സ്ഥാപനങ്ങളുടേ മേധാവിമാർ തുടങ്ങിവർ നേതൃത്വം നൽകും.
ഘോഷയാത്രയിൽ പരമ്പരാഗത
കലാരൂപങ്ങൾ അണിനിരക്കും
വാദ്യമേളങ്ങളും പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. യൂണിയൻ പരിധിയിലെ 75 ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയർ പ്രത്യേക ബാനറുകൾക്ക് പിന്നിൽ അണിനിരക്കും. ഇതിന് പുറമേ വിവിധ ശാഖകൾ, ശ്രീനാരായണ സ്ഥാപനങ്ങൾ എന്നിവ ഒരുക്കുന്ന ഫ്ലോട്ടുകളുമുണ്ടാകും. ഘോഷയാത്ര സിംസ് വളപ്പിൽ നിന്ന് ചിന്നക്കട ആർ.ശങ്കർ സ്ക്വയർ, റെയിൽവേ സ്റ്റേഷൻ, എ.ആർ ക്യാമ്പ്, വഴി സമ്മേളന വേദിയായ എസ്.എൻ കോളേജിലെത്തും. തുടർന്ന് 6.30ന് ജയന്തിസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം ആശംസിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ജയന്തി സന്ദേശം നൽകും. യോഗം കൗൺസിലർ പി.സുന്ദരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രതിഭകളെ ആദരിക്കലും അവാർഡ് വിതരണവും സമ്മാനദാനവും നടക്കും.