
കൊല്ലം: വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ കമ്പിവടിക്ക് അടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിലായി. ചാത്തന്നൂർ കരോട്ട് മുക്ക് കെ.ആർ സദനത്തിൽ രൂപേഷാണ് (25) പിടിയിലായത്. താഴംതെക്ക് പൊയ്കയിൽ വീട്ടിൽ അതുലിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
രൂപേഷിന്റെ അമ്മക്കും മാമനും അവകാശമുള്ള കുടുംബവീടിന്റെ അവകാശത്തെ ചൊല്ലി നിലനിന്നിരുന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തിലിരിക്കുന്ന വീട്ടിൽ രൂപേഷ് വാടകയ്ക്ക് ആളെ താമസിപ്പിക്കാൻ നടത്തിയ ശ്രമം മാമൻ എതിർത്തിരുന്നു. ഇതേ തുടർന്ന് രൂപേഷും മാമനും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. സമീപവാസികളെയും പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിച്ചവരെയും രൂപേഷ് ചീത്ത വിളിച്ചു. ഇത് ചോദ്യം ചെയ്യുകയും വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തതിലുള്ള വിരോധത്തിലാണ് രൂപേഷ് അതുലിനെ ആക്രമിച്ചത്. കമ്പിവടി ഉപയോഗിച്ച് തലയ്ക്ക് നേരെയുള്ള അടി ഇടത് കൈകൊണ്ട് തടഞ്ഞതിനാലാണ് ഗുരുതരമായ പരിക്കേൽക്കാതിരുന്നത്.