
കുന്നിക്കോട്: ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലിരിക്കെ മരിച്ചു. കുന്നിക് കോട് സ്റ്റേഷനിലെ എസ്.ഐ കുണ്ടറ മുളവന കുമ്പളം മുകളുവിള വീട്ടിൽ ഷൈൻ ജോസാണ് (52) മരിച്ചത്.
കഴിഞ്ഞയാഴ്ച അര്യങ്കാവിൽ ഡ്യൂട്ടി നോക്കുന്നതിനിടെ ഷൈന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ന്യൂറോ ഐ.സി.യുവിൽ കഴിഞ്ഞിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഇന്നലെ രാവിലെ 9.30ന് കുണ്ടറ പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഉച്ചയോടെ കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ സംസ്കരിച്ചു.
ഭാര്യ: വി. വിമല. മകൾ: ശില്പ (കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി).