
കൊല്ലം: നേരത്തെ ശേഖരിച്ച് വച്ചിരുന്ന മദ്യം ഡ്രൈ ഡേയിൽ വിൽക്കുന്നതിനിടയിൽ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര പുത്തൻതുറ ലക്കി മന്ദിരത്തിൽ ജീവൽകുമാർ (61), ആലപ്പാട്, വെള്ളനാതുരുത്ത്, കടവിൽ ജയമണി (54) എന്നിവരാണ് പിടിയിലായത്.
കരുനാഗപ്പള്ളി, വെള്ളനാതുരുത്ത്, ആലപ്പാട് മേഖലയിൽ വിൽപ്പന നടത്താൻ 39 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 19.400 ലിറ്റർ വിദേശ മദ്യവും മദ്യ വിൽപ്പനയിലൂടെ സമ്പാദിച്ച 5000 രൂപയും പ്രതികളിൽ നിന്ന് പിടികൂടി. പലപ്പോഴായി ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ്കളിൽ നിന്ന് വാങ്ങി ശേഖരിച്ചുവന്നിരുന്ന മദ്യം ഡ്രൈ ഡേ ദിനങ്ങളിൽ ഇരട്ടി വിലക്ക് വിൽപ്പന നടത്തി വരികയായിരുന്നു ഇവർ.