alappad
അലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരം

ഓച്ചിറ: അലപ്പാട് പഞ്ചായത്തിന്റെ വടക്കേ അറ്റമായ അഴീക്കലിൽ ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്തതിൽ തിരുവോണ ദിവസം വാഴയിലയിൽ സദ്യക്ക് പകരം മണൽ വിളമ്പി പ്രതിഷേധിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി.ഷൈമ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷിജി, മായ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രൻ, സി.ബേബി തുടങ്ങിയ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് റോഡിൽ മണൽ സദ്യ വിളമ്പി സമരം നടത്തിയത്.

തിരുവോണ ദിവസവും കുടിവെള്ളമില്ല
കായലിനും കടലിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ആലപ്പാട് പഞ്ചായത്തിൽ കുടിവെള്ളം ലഭിക്കുന്നത് വാട്ടർ അതോറിട്ടിയുടെ ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അഴീക്കൽ 2,3,4,5,6,10 വാർഡുകളിൽ കുടിവെള്ളം ലഭിച്ചിരുന്നില്ല. തിരുവോണ ദിവസം പോലും കുടിവെള്ളം ലഭിക്കാതെ വന്നു. ചൊരിമണൽ പ്രദേശത്ത് കുഴികുത്തിയാണ് പലപ്രദേശങ്ങളിലും ജനം കുടിവെള്ളം ശേഖരിച്ചിരുന്നത്. ക്ലാപ്പന ഇരമത്ത്കാവിന് കാവിന് സമീപമുള്ള വാട്ടർ ടാങ്കിൽ നിന്നാണ് അഴീക്കൽ നിവാസികൾക്ക് കുടിവെള്ളം ലഭിക്കുന്നത്. ജലവിതരണകുഴലിന്റെ വലിപ്പം കുറഞ്ഞതും നിരന്തരമായി പൈപ്പ് പൊട്ടുന്നതും കാരണം വളരെ അപൂർവദിവസങ്ങളിൽ മാത്രമാണ് അഴീക്കൽ നിവാസികൾക്ക് കുടിവെള്ളം ലഭിച്ചിരുന്നത്.

പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച സി.എഫ്.സി ഫണ്ട് ഉപയോഗിച്ച് ശ്രായിക്കാട്, കുഴിത്തുറ, ചെറിയഴീക്കൽ, അഴീക്കൽ എന്നീ സ്ഥലങ്ങളിൽ കുഴക്കിണർ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 54 ലക്ഷം രൂപയാണ് ചെലവ്. ശ്രായിക്കാട് കുഴക്കിണറിന്റെ നിർമ്മാണം പൂർത്തിയായി. കുഴിത്തുറയിൽ പണി ആരംഭിച്ചു. നാല് കുഴൽക്കിണറുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

യു. ഉല്ലാസ്,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്