vinod-37

കുന്നത്തൂർ: തിരുവോണദിവസം രാത്രിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. ശാസ്താംകോട്ട ടൗൺ പള്ളിക്ക് സമീപം വടക്കൻ മൈനാഗപ്പള്ളി ആത്മാവ്മുക്ക് വലിയവിളയിൽ (കുന്നുംപുറത്ത് പടിഞ്ഞാറ്റതിൽ) പരേതനായ രവീന്ദ്രന്റെ മകൻ വിനോദാണ് (37) മരിച്ചത്.

ഭരണിക്കാവിൽ നിന്ന് മൈനാഗപ്പള്ളിയിലേക്ക് വരികയായിരുന്ന കാർ ശാസ്താംകോട്ട ടൗൺ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് റോഡ് സൈഡിലെ മാവിൽ ഇടിക്കുകയായിരുന്നു. കാറിൽ വിനോദ് ഉൾപ്പെടെ നാലുപേരുണ്ടായിരുന്നു. ബാക്കി മൂന്നുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ നെല്ലിമുകളിലുള്ള ബന്ധുവീട്ടിൽപോയി തിരികെവരികയായിരുന്നു. വിനോദിന്റെ സഹോദരൻ മനോജാണ് വാഹനം ഓടിച്ചിരുന്നത്. പിന്നിലിരുന്ന വിനോദ് ഇടിയുടെ ആഘാതത്തിൽ തെറിച്ച് വണ്ടിയുടെ മുൻഭാഗത്തെ ഗ്ലാസിൽ തലയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചു. അവിവാഹിതനായ വിനോദ് ഓട്ടോ ഡ്രൈവറാണ്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മാതാവ്: രാധ.