കുന്നത്തൂർ : കുന്നത്തൂരിലും മൈനാഗപ്പള്ളിയിലും ക്ലബുകൾ നടത്തിയ ഓണാഘോഷ പരിപാടിക്കിടെ രാത്രിയിൽ ചേരിതിരിഞ്ഞുണ്ടായ കൂട്ടത്തല്ലിൽ പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. തിരുവോണ ദിവസം മൈനാഗപ്പള്ളി കടപ്പ പഞ്ചായത്ത് ഗ്രൗണ്ടിൽ രാത്രി 8.30ഓടെ പരിപാടിക്കിടെ ഉണ്ടായ തർക്കം കയ്യാങ്കാളിയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പ്രശ്നത്തിൽ ഉൾപ്പെടാത്തവരെയടക്കം തല്ലിച്ചതച്ചതായും വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും ആക്ഷേപമുണ്ട്. സംഘർഷത്തിൽ ശാസ്താംകോട്ട എസ്.ഐ ഷാജഹാൻ,സി.പി.ഒമാരായ ഷൺമുഖദാസ്,അസർ എന്നിവർക്കും സ്ത്രീകളടക്കം നിരവധി പേർക്കും പരിക്കേറ്റു.

ഇരു വൃക്കകളും തകർന്ന് ചികിത്സയിൽ കഴിയുന്ന കാഞ്ഞിരംവിളയിൽ മനു(27) എന്ന യുവാവിനെ മർദ്ദിക്കുകയും കൈവിരൽ തല്ലി ഒടിക്കുകയും ചെയ്തതായി പരാതിയുണ്ട്. തുടർന്ന് തൊട്ടടുത്ത മടത്തിൽ വടക്കതിൽ ജയചന്ദ്രൻ പിള്ളയുടെ വീട്ടിലടക്കം ഏഴോളം പൊലീസുകാ‌ർ സ്ത്രീകളെയും പെൺകുട്ടികളെയും മുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുകയും കേട്ടാലറയ്ക്കുന്ന തരത്തിൽ അസഭ്യവർഷം നടത്തുകയും ഇത് മൊബൈലിൽ പകർത്തിയ ജയചന്ദ്രൻ പിള്ളയുടെ മകളുടെ കയ്യിൽ നിന്ന് ഫോൺ ബലമായി പിടിച്ചെടുത്ത് കൊണ്ട് പോകുകയും ചെയ്തതായി പരാതിയുണ്ട്. പരിക്കേറ്റ സ്ത്രീകൾ ചികിത്സയിലാണ്. മുഖ്യമന്ത്രി,ഡി.ജി.പി, എസ്.പി,മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകുമെന്ന് ജയചന്ദ്രൻ പിള്ള പറഞ്ഞു. അതിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൈനാഗപ്പള്ളി കടപ്പ മനു ഭവനത്തിൽ മനു(30),അനീഷ് ഭവനത്തിൽ അനീഷ്(29),മടത്തിൽ വടക്കതിൽ വീട്ടിൽ ഗോപകുമാർ(42), ശ്രീകൃഷ്ണവിലാസം വീട്ടിൽ നന്ദു(24) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനു സമീപം നാടൻപാട്ട് നടക്കവേ തിരുവോണദിവസം രാത്രി 11നാണ് സംഘർഷമുണ്ടായത്. പുറത്ത് നിന്ന് പരിപാടി കാണാൻ മദ്യപിച്ചെത്തിയ യുവാക്കളാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.ഇത് സംഘാടകർ ചോദ്യം ചെയ്യുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. ഈ സമയം രണ്ട് പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ ഏറെ പ്രയാസപ്പെട്ട് സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ശാസ്താംകോട്ട,പുത്തൂർ,കിഴക്കേ കല്ലട,ശൂരനാട് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിൽ നിരവധി യുവാക്കൾക്ക് പരിക്കേറ്റു. കൂടുതൽ പേർക്കും തലയ്ക്കാണ് പരിക്ക്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘർഷം നടക്കുമ്പോൾ വാഹനം ഉപേക്ഷിച്ച് ഓടിയവരുടെ ഉൾപ്പെടെ നിരവധി ഇരുചക്ര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈക്ക് സിസ്റ്റവും പിടിച്ചെടുത്തു. രാത്രി 10 വരെയാണ് മൈക്ക് പ്രവർത്തിപ്പിക്കുന്നതിനും പരിപാടി അവതരിപ്പിക്കുന്നതിനും അനുമതി നൽകിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.