
കൊല്ലം: മാതാവ് കടം വാങ്ങിയ പണം തിരിച്ചുവാങ്ങാൻ പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയ സമീപവാസിയായ ഫിസിയോ തെറാപ്പിസ്റ്റിനെ റിമാൻഡ് ചെയ്തു. കണ്ണനല്ലൂർ കിഴവൂർ സെയ്ദലി മൻസിലിൽ സെയ്ഫ് അലിയെയാണ് (26) റിമാൻഡ് ചെയ്തത്. കണ്ണനല്ലൂർ കിഴവൂർ ഫാത്തിമ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ആസാദിന്റെയും ഷീജയുടെയും മകൻ ആഷിക്കിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് സെയ്ഫ്അലി പിടിയിലായത്.
പൊലീസ് പിന്തുടർന്നതോടെ ആറംഗ സംഘത്തിലെ രണ്ടുപേർ കാർ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ ആഷിക്കുമായി കടക്കാൻ ശ്രമിച്ചെങ്കിലും പാറശാലയിൽ വച്ച് പിടിയിലാവുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മാർത്താണ്ഡം സ്വദേശം ബിജുവിനെയും പിടികൂടി. ബിജുവിൽ നിന്നാണ് തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് സെയ്ഫലിയാണെന്ന വിവരം ലഭിച്ചത്. തുടർന്ന് കണ്ണനല്ലൂരിലെ വീട്ടിൽ നിന്ന് സെയ്ഫ്അലിയെ പിടികൂടുകയായിരുന്നു.
സെയ്ഫലിയുടെ മാതാവ് ഷൈലാബീവിയിൽ നിന്ന് ആഷിക്കിന്റെ മാതാവ് 2019ൽ 14 ലക്ഷം രൂപ കടം വാങ്ങി സമീപവാസിയായ രമാബായിക്ക് നൽകിയിരുന്നു. പറഞ്ഞ സമയത്ത് രമാബായി പണം നൽകിയില്ല. ഇതോടെ ഷീജയും ഷൈലാബീവിയും തമ്മിൽ വിരോധത്തിലായി. മൂന്ന് മാസം മുമ്പ് സെയ്ഫലിയുടെ വിവാഹ സമയത്ത് പണം ആവശ്യപ്പെട്ടെങ്കിലും ഷീജ നൽകിയില്ല. ഇതോടെയാണ് ഷീജയുടെ മകനെ തട്ടിക്കൊണ്ടുപോകാൻ സെയ്ഫ് അലി തീരുമാനിച്ചത്. സെയ്ഫലിയുടെ സുഹൃത്തായ മാർത്താണ്ഡം സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് ജിനുവിൽ നിന്ന് ഷീജ പണം കടം വാങ്ങിയിട്ടുള്ളതായി പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ തട്ടിക്കൊണ്ടുപോകൽ ഗൂഢാലോചനയിൽ ജിനുവിനും പങ്കുണ്ട്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ജിനുവിനും ക്വട്ടേഷൻ സംഘത്തിലെ മറ്റുള്ളവർക്കായും തെരച്ചിൽ നടത്തുന്നുണ്ട്. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ ആലോചനയുണ്ടെന്നും പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘമെത്തിയ രണ്ടാമത്തെ കാറിനായും തെരച്ചിൽ നടക്കുന്നുണ്ട്. പൂവാറിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ആഷിക്കിനെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ പൊലീസിന് ലഭിച്ചിരുന്നു.