crime

കൊല്ലം: ശ്രീലങ്കൻ അഭയാർത്ഥികളെ കടൽമാർഗം കൊല്ലത്ത് നിന്ന് കാനഡയിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ശ്രീലങ്കൻ സ്വദേശിയായ ഒരാൾ കൂടി പിടിയിലായി. രണ്ടുപേർ കൂടി കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിൽ അഭയാർത്ഥിയായെത്തി തിരുച്ചിറപ്പള്ളിയിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന ചന്ദ്രദാസാണ് (42) പിടിയിലായത്. തമിഴ്നാട് പൊലീസ് പിടികൂടിയ ചന്ദ്രദാസിനെ കൊല്ലം സിറ്റി പൊലീസിന് കൈമാറി.

ശ്രീലങ്കക്കാരെ കാനഡയിലേക്ക് കടത്തുന്നതിന്റെ ഏജന്റായി പ്രവർത്തിക്കുന്ന കൊളംബോ സ്വദേശി ലക്ഷ്മണനുമായി നേരിട്ട് ബന്ധമുള്ളയാളാണ് ചന്ദ്രദാസ്. ഇതിനിടെ ആദ്യം പിടിയിലായ 11 ശ്രീലങ്കക്കാരെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവർ പിടിയാലയതോടെ കൊല്ലത്ത് നിന്ന് മടങ്ങി തിരുച്ചിറപ്പള്ളിയിൽ നിന്ന് തമിഴ്നാട് ക്യു ബാഞ്ച് പൊലീസ് പിടികൂടി കേരള പൊലീസിനു കൈമാറിയ അഞ്ചുപേരെ റിമാൻഡ് ചെയ്തു. ശ്രീലങ്കൻ സ്വദേശികളായ നോർമാൻ (22), മാരിയമ്മാൾ നാഥൻ (34), സഹോദരങ്ങളായ അമൽരാജ് (37), വിനോദ് രാജ് (34), പ്രകാശ് രാജ് (25) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ശ്രീലങ്കയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ ചെന്നൈയിലെത്തിയ രണ്ടുപേരെ തമിഴ്നാട് ക്യു ബ്രാഞ്ച് പിന്തുടർന്നതോടെയാണ് മനുഷ്യക്കടത്ത് വിവരം പുറത്തായത്. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ടൂറിസ്റ്റ് വിസയിലെത്തിയ രണ്ടുപേരടക്കം 11 പേരെ കൊല്ലത്തെ ലോഡ്ജിൽ നിന്ന് കഴിഞ്ഞയാഴ്ച പിടികൂടുകയായിരുന്നു. തൊട്ടടുത്ത ദിവസം ഇവർക്കൊപ്പമെത്തിയ 11 പേരെ വാടി ഹാർബറിൽ നിന്ന് രണ്ടുപേരെ ബസിൽ സഞ്ചരിക്കുന്നതിനിടെ മംഗലാപുരം പൊലീസും പിടികൂടുകയായിരുന്നു. ഇതുവരെ 30 പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.