കരുനാഗപ്പള്ളി: കെ.പി.എം.എസ്. കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 159-ാമത് ജയന്തി ആഘോഷിച്ചു. എല്ലാ ശാഖകളിലും അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും മധുര വിതരണവും ഘോഷയാത്രയും നടത്തി. 30 ശാഖകളിൽ നിന്നായി 3500ഓളം പേർ ഘോഷയാത്രയിൽ പങ്കെടുത്തു. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും ഫ്‌ളോട്ടുകളും വിവിധ കലാപരിപാടികളും ഘോഷയാത്രയെ മികവുറ്റതാക്കി. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ശഖിൽ ദേവ് അദ്ധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാർ, കെ.എം.വൈ.എഫ് ജനറൽ സെക്രട്ടറി സുലൈമാൻ ദാരിമി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ്, ടി.എസ്.രജികുമാർ, ജനറൽ കൺവീനർ ശഖിൽ ദേവ്, ഖജാൻജി കെ.പി.രാജീവ് തുടങ്ങിയവർ സംസാരിച്ചു.