
കരുനാഗപ്പള്ളി: തുഴപ്പെരുക്കത്തിന്റെ ആവേശത്തിൽ പള്ളിക്കലാറ്റിൽ ഇന്നലെ നടന്ന ശ്രീനാരായണ ടോഫി മത്സര വള്ളംകളിയിൽ കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്പോൺസർ ചെയ്ത രാജേഷ്.ആർ കന്നേറ്റി ക്യാപ്ടനായിട്ടുള്ള നടുവിലെപറമ്പൻ ചുണ്ടൻ ഒന്നാം സ്ഥാനം നേടി.
രണ്ടാം സ്ഥാനം നേടുന്ന ചുണ്ടൻ വള്ളത്തിനുള്ള പത്രാധിപർ കെ.സുകുമാരൻ മെമ്മോറിയിൽ എവർ റോളിംഗ് ട്രോഫി അറയ്ക്കൽ മുനീർ ക്യാപ്ടനായുള്ള നിരണം ചുണ്ടൻ കരസ്ഥമാക്കി. ലൂസേഴ്സ് ഫൈനലിൽ ഫൈസൽ ബഷീർ ക്യാപ്ടനായുള്ള കാട്ടിൽ തെക്കതിൽ ഒന്നാം സ്ഥാനവും ബിനു ക്യാപ്ടനായുള്ള സെന്റ് പയസ് ചുണ്ടൻ രണ്ടാം സ്ഥാനവും നേടി.
വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ കോട്ടപ്പറമ്പൻ ഒന്നും ഷോട്ട് പുളിക്കത്തറ രണ്ടും സ്ഥാനത്തെത്തി. തെക്കനോടി തറവള്ളങ്ങളുടെ മത്സരത്തിൽ സാരഥി ഒന്നാം സ്ഥാനവും കാട്ടിൽ തെക്കതിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തെക്കനോടി കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ കമ്പനി ഒന്നാം സ്ഥാനവും ചെല്ലിക്കാടൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ട്രോഫികൾ സി.ആർ.മഹേഷ് എം.എൽ.എയും ബോണസ് പാലക്കോട്ട് ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പി.എൻ.സുരേഷും വിതരണം ചെയ്തു. രാവിലെ 8ന് ജലോത്സവ കമ്മിറ്റി ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ ശ്രീനാരായണ പവലിയനിൽ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വൈകിട്ട് 3ന് ആരംഭിച്ച വള്ളംകളി മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. എ.എം.ആരിഫ് എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മാസ്‌ഡ്രിൽ സല്യൂട്ട് കോവൂർ കുഞ്ഞുമോൻ എം.എൽ.എ സ്വീകരിച്ചു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജനറൽ ക്യാപ്ടൻ എസ്.പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ജലഘോഷയാത്രയ്ക്കുള്ള പതാക എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ കൈമാറി. ജനപ്രതിനിധികളായ അഡ്വ. അനിൽ.എസ് കല്ലേലിഭാഗം, സന്തോഷ് തുപ്പാശേരിൽ, സുനിമോൾ, ഷെമി, പടിപ്പുര ലത്തീഫ്, റെജി ഫോട്ടോപാർക്ക്, സുഷ അലക്സ്, കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, എം.അൻസാർ, വാത്സല്യം മോഹനൻ, എൻ.അജയകുമാർ, മുനമ്പത്ത് വഹാബ്, പ്രവീൺ മനയ്ക്കൽ, കാട്ടൂർ ബഷീർ, എ.വിജയൻ, കരുമ്പാലിൽ ഡി.സദാനന്ദൻ, എ.രവി, രാജേഷ്.ആർ കന്നേറ്റി എന്നിവർ സംസാരിച്ചു. സ്പോൺസർമാരെ മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു സ്വാഗതവും നഗരസഭാ കൗൺസിലർ ശാലിനി രാജീവൻ നന്ദിയും പറഞ്ഞു.