1

പരവൂർ: പൂതക്കുളത്തും കലയ്‌ക്കോടും വീടുകളിൽ മോഷണം. പൂതക്കുളം പനവിള അദ്വൈതത്തിൽ സി.ജി.അജീഷിന്റെയും കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളിന് സമീപം അയോദ്ധ്യയിൽ ജി.പി.ജാനിന്റെയും വീടുകളിലാണ് കവർച്ച നടന്നത്.

അജീഷിന്റെ വീട്ടിൽ നിന്ന് മുപ്പതിനായിരം രൂപയും ജാനിന്റെ വീട്ടിൽ നിന്ന് ഇരുപതിനായിരം രൂപയും രണ്ട് പവനും ബുള്ളറ്റിന്റെ താക്കോലുമാണ് മോഷണം പോയത്. ഇരുവീടുകളിലും ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അജീഷും കുടുംബവും മരണ വീട്ടിലായിരുന്നു. ജാനും കുടുംബവും ജാനിന്റെ അമ്മയുടെ വീടായ പെരുമ്പുഴയിലായിരുന്നു.

അജീഷ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ജാനിന്റെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുൻവാതിൽ തുറന്നുകിടക്കുന്നത് ജാനിന്റെ അയൽവാസിയാണ് ആദ്യം കാണുന്നത്. തുടർന്ന് വീട്ടുടമയെ വിവരം അറിയിച്ചു. ഇരുവീടുകളുടെയും മുൻവാതിൽ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. പരവൂർ പൊലീസ് കേസെടുത്തു.