ponnamma

കുന്നിക്കോട്: കാൻസർ രോഗിയായ അമ്മൂമ്മയെ കൊലപ്പെടുത്തിയതിന് ചെറുമകനെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല കോക്കാട് തെങ്ങിക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മയാണ് (90) കൊല്ലപ്പെട്ടത്.

മകളുടെ മകനായ സുരേഷ് കുമാറാണ് (ഉണ്ണി, 30) അറസ്റ്റിലായത്. 9ന് വൈകിട്ട് 4ഓടെയായിരുന്നു സംഭവം. പിറ്റേന്ന് രാവിലെ 10ന് സംസ്കാര ചടങ്ങുകൾ നടത്താനിരിക്കെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും പൊലീസിൽ വിവരം അറിയിച്ചു. സയന്റിഫിക്, ഫോറൻസിക് പരിശോധനയെ തുടർന്ന് കുന്നിക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയ്‌ക്കേറ്റ മുറിവിന്റെ കാഠിന്യവും കഴുത്തിൽ കുത്തപ്പിടിച്ച് ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ സുരേഷ്‌കുമാറിനെ ചോദ്യം ചെയ്‍തപ്പോഴാണ് കുറ്റം സമ്മതിച്ചത്. സുരേഷ്‌കുമാർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വഴക്കുപറഞ്ഞതിൽ പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം റൂറൽ എസ്.പി കെ.ബി. രവിയുടെയും കൊട്ടാരക്കര ഡിവൈ.എസ്.പി ഡി. വിജയകുമാറിന്റെയും നേതൃത്വത്തിൽ കുന്നിക്കോട് ഇൻസ്‌പെക്ടർ എം. അൻവർ, എസ്.ഐ ഫൈസൽ, എ.എസ്.ഐ ഷാനവാസ്, എസ്.സി.പി.ഒ അംബിക, ബാബുരാജ്, ഗിരീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.